arrest

ഓച്ചിറ: ഉത്സവത്തിനിടെ രണ്ടേകാൽ വയസുകാരനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയിൽ രഞ്ചു (21) ആണ് പിടിയിലായത്. ഇയാൾ സുഹൃത്തായ അഖിലിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷം മുമ്പ് സ്വർണ്ണ കമ്മൽ വാങ്ങി പണയം വച്ചതുമായി ബന്ധപ്പെട്ട് പരസ്പരം വാക്കേറ്റം ഉണ്ടായതാണ് ആക്രമണത്തിന് പിന്നിൽ.

കഴിഞ്ഞ 3ന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെയും കുഞ്ഞിനെയും രഞ്ചുവും കൂട്ടരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് ഇടിച്ച് കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഖിലും ആശുപത്രിയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന സംഘത്തിലെ രഞ്ചുവിനെ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറയിൽ നിന്നും പിടികൂടുകയായിരുന്നു.
ഓച്ചിറ ഇൻസ്‌പെക്ടർ പി.വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ മാരായ വേണുഗോപാൽ, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്റ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.