meat

ബംഗളൂരു: ശ്രീരാമ നവമി ദിനമായ ഏപ്രിൽ 10 ഞായറാഴ്‌ച നഗരത്തിലെ മാംസ വിൽപന ശാലകൾക്കും അറവ്ശാലകൾക്കും പ്രവ‌ർത്തിക്കാൻ അനുമതിയില്ലെന്ന് നഗര ഭരണകൂടം. ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യാണ് വെള‌ളിയാഴ്‌ച ഈ ഉത്തരവിറക്കിയത്.

ഈ ഉത്തരവനുസരിച്ച് ഞായറാഴ്‌ച നഗര പരിധിയിലെ മാംസവിൽപന ശാലകളും കശാപ്പ്ശാലകളും അടഞ്ഞുകിടക്കും. മുൻപ് ശിവരാത്രി ദിനത്തിലും ഗണേശ ചതുർത്ഥി പ്രമാണിച്ചും മാംസവിൽപന ബിബിഎംപി തടഞ്ഞിരുന്നു. ബംഗളൂരുവിലെ പോലെ ഡൽഹിയിലും മാംസവിൽപനയ്‌ക്ക് ഈയിടെ നിരോധനമുണ്ടായി. ചൈത്ര നവരാത്രി ആഘോഷങ്ങളുടെ അവസാനമായ ഏപ്രിൽ 11ന് മാംസാഹാര വിൽപനകടകൾ പ്രവ‌ർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉത്തരവിട്ടിരുന്നു.

എസ്‌ഡിഎം‌സി മേയർ മുകേഷ് സൂര്യാൻ അന്ന് ഉള‌ളിയോ വെളുത്തുള‌ളിയോ പോലും നഗരത്തിൽ പലരും കഴിക്കില്ലെന്നും അതിനാൽ അന്ന് മാംസവിൽപന ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവ് നൽകി.