
ലാഹോർ: അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നേരിടുന്നതിന് മുമ്പായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയേയും ഇവിടുത്തെ ഭരണസംവിധാനത്തെയും വാനോളം പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയും അവിടത്തെ ജനങ്ങളും വളരെയേറെ അഭിമാനമുള്ളവരാണെന്നും ലോകത്തിലെ ഒരു വൻ ശക്തിക്കും ഇന്ത്യയെ വിലക്കെടുക്കാൻ സാധിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തെ സഹായിക്കുന്നത് വിദേശശക്തികളാണെന്ന് അമേരിക്കയുടെ പേര് സൂചിപ്പിക്കാതെ ഇമ്രാൻ ആവർത്തിച്ചു. പാകിസ്ഥാന്രെ പരമാധികാരം പാക് ജനതയുടെ കൈയിലാണെന്നും എന്ത് വിലകൊടുത്തും അത് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോടായി പറഞ്ഞു. ഇനി ഭാവിയിൽ ആര് അധികാരത്തിൽ വന്നാലും ലോകശക്തികളായ മറ്റ് രാജ്യങ്ങൾ പറയുന്നതു പോലെ മാത്രമേ അവർ പാകിസ്ഥാന്റെ ഭരണം നടത്തുകയുള്ളൂവെന്നും അത് ഒരുകാലത്തും അനുവദിച്ചുകൊടുക്കരുതെന്നും ഇമ്രാൻ ജനങ്ങളോടായി പറഞ്ഞു.
പാകിസ്ഥാനിൽ നടക്കുന്നത് കുതിരക്കച്ചവടമാണെന്നും ജനപ്രതിനിധികളെ കാലിച്ചന്തയിലെ മാടുകളെപോലെ ലേലം വിളിക്കുകയാണെന്നും ഇമ്രാൻ പറഞ്ഞു. യുവജനതയാണ് രാജ്യത്തിന്റെ ശക്തിയെന്നും എന്നാൽ ജനപ്രതിനിധികളെ ഇത്തരത്തിൽ കച്ചവടം ചെയ്യുന്നത് എന്തു തരത്തിലുള്ള ഉദാഹരണമാണ് യുവാക്കൾക്ക് നൽകുന്നതെന്നും ഇമ്രാൻ ചോദിച്ചു.