
ദുബായ്: മറ്റൊരു രാജ്യത്തേക്കുളള യാത്രക്കിടെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ വയോധികയിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി. ഒരു ഏഷ്യൻ രാജ്യത്തേക്ക് യാത്രക്കിടെ ട്രാൻസിറ്റ് ദുബായ് വിമാനത്താവളത്തിലിറങ്ങിയ 70കാരിയിൽ നിന്നാണ് 8.3 കിലോഗ്രാം ക്രിസ്‌റ്റൽ മെത്ത് ദുബായ് കസ്‌റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഇവരെ പിന്നീട് അറസ്‌റ്റ് ചെയ്‌തു.
സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. താമസസ്ഥലത്തേക്ക് തന്റെ ബാഗ് എത്തിക്കാൻ വൃദ്ധ വിമാന കമ്പനിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പരിശോധനക്കിടെയാണ് കാർബൺ പേപ്പറിൽ ഭദ്രമായി പൊതിഞ്ഞ് ലഗേജിനിടെ മയക്കുമരുന്ന് കണ്ടെത്തിയത്. കേസ് ദുബായ് പൊലീസിന് കസ്‌റ്റംസ് കൈമാറിയിട്ടുണ്ട്.