
ലോസ്ആഞ്ചലസ്: ഓസ്‌കാർ വേദിയിൽ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ നടൻ വിൽ സ്‌മിത്തിന് ഓസ്‌കാർ ചടങ്ങിലും മറ്റനുബന്ധ പരിപാടികളിലും 10 വർഷത്തെ വിലക്കേർപ്പെടുത്തി. ഇന്ത്യൻ സമയം വെളളിയാഴ്‌ച രാത്രി 10ന് ശേഷം ചേർന്ന അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ബോർഡ് ഒഫ് ഗവർണേഴ്സ് യോഗമാണ് തീരുമാനമെടുത്തത്. അക്കാഡമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി വിൽസ്മിത്ത് പ്രതികരിച്ചു. ഏപ്രിൽ ഒന്നിന് വിൽ സ്‌മിത്ത് അക്കാഡമിയിൽ നിന്ന് രാജി വച്ചിരുന്നു.
അകാരണമായി തലമുടി കൊഴിയുന്ന അലോപേഷ്യ രോഗം നേരിടുന്ന ഭാര്യ ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതിനാണ് ക്രിസിനെ വിൽ സ്‌മിത്ത് മുഖത്തടിച്ചത്. പിന്നീട് അക്കാഡമിയോടും ക്രിസിനോടും സ്‌മിത്ത് മാപ്പ് പറഞ്ഞിരുന്നു. 'കിംഗ് റിച്ചാർഡ് ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം വിൽ സ്മിത്തിന് ലഭിച്ചത്.