kv-thomas

കണ്ണൂർ: അച്ചടക്ക നടപടിയെടുത്താലും കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ്. നടപടിയെ പേടിക്കുന്നില്ല. ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും തന്നെ വിലക്കിയത് അപക്വമായ തീരുമാനമാണോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകനായിട്ടാണ് സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നത്. സെമിനാറിൽ കോൺഗ്രസ് ആശയങ്ങളായിരിക്കും പ്രസംഗിക്കുകയെന്നും കെ വി തോമസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിലാണ് കെ വി തോമസ് പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊപ്പമാണ് അദ്ദേഹം വേദി പങ്കിടുക. അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ കോൺഗ്രസ് ഉടൻ നടപടിയെടുത്തേക്കും.