-muralidharan-k-v-thomas

കോഴിക്കോട്: സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുന്നതിൽ വിഷമമുണ്ടെന്ന് കെ മുരളീധരൻ എം പി. ഇത്രയും കാലം ഒപ്പം നിന്ന അദ്ദേഹത്തെ പോലൊരു നേതാവ് സെമിനാറിൽ പങ്കെടുക്കുന്നതിൽ ദു:ഖമുണ്ട്. പാർട്ടി നിർദ്ദേശം ലംഘിച്ചാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.


' പാർട്ടി കോൺഗ്രസ് കേരളത്തിലാണ് നടക്കുന്നത്. കോൺഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹമുള്ളവരാണ് സി പി എം കേരള ഘടകം. അപ്പോൾ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കിൽ പങ്കെടുക്കാമായിരുന്നു. മാതമല്ല ഒരുപാട് കോൺഗ്രസുകാരുടെ ചോര പുരണ്ട മണ്ണാണ് കണ്ണൂർ.'- മുരളീധരൻ പറഞ്ഞു. വേഷം കെട്ടണോയെന്ന് തീരുമാനിക്കേണ്ടത് മാഷാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെ വി തോമസിനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഓടുപൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത്. അദ്ദേഹത്തിന് ജനം നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങളെന്നും മുരളീധരൻ പറഞ്ഞു. കെ വി തോമസിന്റെ ചില പ്രയാസങ്ങൾ പരിഹരിച്ചില്ലെന്നും എം പി കൂട്ടിച്ചേർത്തു.