thirutha

കൊച്ചി: കുമ്പളങ്ങിക്കാരൻ പ്രൊഫ. കെ.വി​. തോമസുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ മണ്ഡലങ്ങളിൽ വരെ പേരെടുത്ത തി​രുത മീൻ ആള് നിസ്സാരനല്ല. രുചി​കൊണ്ടും ഗുണം കൊണ്ടും വി​ല കൊണ്ടും താരം. ലഭ്യതയും കുറവ്.

തി​രുത മീൻ പതി​വായി​ ഗാന്ധി കുടുംബത്തി​ൽ എത്തി​ച്ച് സ്ഥാനമാനങ്ങൾ നേടുന്നെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ കെ.വി​. തോമസി​നെതിരായ ആക്ഷേപം. സോണിയാഗാന്ധിക്ക് വളരെ പ്രിയമത്രേ തിരുതക്കറി.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ ഉറച്ചുനിന്നതോടെ,​ തിരുത തോമ എന്ന് ചില കോൺഗ്രസുകാർ അക്ഷേപിച്ചെന്ന് കെ.വി. തോമസ് തന്നെ തുറന്നു പറഞ്ഞതോടെയാണ് ഈ രുചി രാജാവ് വീണ്ടും വാർത്തയിൽ നിറഞ്ഞത്.

അടുത്തി​ടെ ഇറങ്ങിയ ഭീഷ്മപർവ്വം സി​നി​മയി​ലും തി​രുതയെ പരാമർശി​ച്ചു. ദിലീഷ് പോത്തൻ ചെയ്ത ടി.വി. ജയിംസ് എന്ന രാഷ്ട്രീയ നേതാവ് ഡൽഹിയിൽ തിരുത കൊണ്ടുപോയി കൊടുത്ത് കാര്യങ്ങൾ സാധിക്കുന്നു. സിനിമ കണ്ട കെ.വി. തോമസിന്റെ മകൻ ബിജു,​ കഥാപാത്രത്തിന് അച്ഛന്റെ പേരുമാത്രം ഇട്ടില്ലെന്ന് പ്രതികരിച്ചതും ചർച്ചയായി.

കടൽവാസിയെങ്കിലും കായലിലും എറണാകുളം, ആലപ്പുഴ തീരദേശങ്ങളി​ലെ മത്സ്യക്കെട്ടുകളി​ലുമാണ് തി​രുത വളരുന്നത്. നെയ്മീൻ മുതലായ വമ്പന്മാരുടെ ശ്രേണിയിൽ മുന്തിയ വിലയ്ക്ക് (കിലോയ്ക്ക് 800 രൂപ വരെ)​ വിറ്റുപോകും. കുഞ്ഞുങ്ങളെ പി​ടി​കൂടി​യാണ് കർഷകർ കെട്ടുകളി​ൽ നി​ക്ഷേപി​ക്കുന്നത്. അതിവേഗം വളരും.

മത്സ്യഗവേഷകർ 1960 മുതൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും തിരുതയുടെ കുഞ്ഞുങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ചെടുക്കുന്നതിൽ പൂർണവിജയം നേടിയിട്ടില്ല. ഹാച്ചറിയിൽ മുട്ടവിരിയുമെങ്കിലും കുഞ്ഞുങ്ങൾ അതിജീവിക്കാറി​ല്ല.

 ആവാസ വ്യവസ്ഥ

സാധാരണ കടൽ മത്സ്യങ്ങൾക്ക് ലവണാംശം കുറഞ്ഞ കായൽ ജലത്തിൽ അതിജീവിക്കാനാവില്ല. എന്നാൽ തിരുതയ്ക്ക് കടലും കായലും ഒരുപോലെ. 'മുഗിലിഡെ' മത്സ്യകുടുംബത്തിൽപ്പെട്ടതാണ്. മുഗിൽസിഫാലസ് എന്നാണ് ശസ്ത്രനാമം.

 പോഷക മൂല്യം

ഒമേഗ- 3യുടെ അളവ് വളരെക്കൂടുതൽ. ശരീരഭാരത്തിന്റെ 23 ശതമാനം പ്രോട്ടീനും 29 ശതമാനം കൊഴുപ്പുമാണ്.

സെലേനിയം, ഐസോലൂസിൻ, ലൈസീൻ, റിപ്ടോഫാൻ, ത്രിയോണിൻ തുടങ്ങിയ പോഷകാംശങ്ങളും കൂടുതലുണ്ട്.

 വലിപ്പം

കേരളതീരങ്ങളിൽ ലഭിക്കുന്ന തിരുതയുടെ ശരാശരി വലിപ്പം 30- 60 സെ.മീ. ഒരു മീറ്റർവരെയുള്ളതി​നെയും ലഭിച്ചിട്ടുണ്ട്. 6 കിലോഗ്രാം വരെ ഭാരം.

 പ്രജനനം

മൺസൂണിന് ശേഷമാണ് പ്രജനനകാലം. കുഞ്ഞുങ്ങളെ പുതുവൈപ്പിൻ മത്സ്യഗവേഷണ കേന്ദ്രത്തിന് സമീപത്തുനിന്ന് ശേഖരിച്ചാണ് കർഷകർക്ക് നൽകുന്നത്