kavya

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാമാധവന് നോട്ടീസ് നൽകിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ചെന്നൈയിലുള്ള കാവ്യ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് അറിയുന്നത്.

കേസിന്റെ തുടക്കം മുതൽ ദിലീപിനെ പ്രതി ചേർത്ത് വന്നിരുന്ന വാർത്തകൾക്കിടെ പലപ്പോഴും കാവ്യയുടെ പങ്കും ചർച്ചയായിരുന്നു. എന്നാൽ,​ ഇപ്പോൾ അന്വേഷണ സംഘം കാവ്യയെ സംശയ നിഴലിൽ നിറുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് അനുസരിച്ചായിരിക്കും കാവ്യയ്‌ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതും.

1. തിരിച്ചുകൊടുത്ത പണി

കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നു.

2. ദിലീപിന്റെ സ്ത്രീ പരാമർശം

സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമി​ച്ചതാണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു.

3. സുനി പറഞ്ഞ മാഡം

മാഡം സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്

4. ഗൂഢാലോചന അറിയണം
പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്

5. സാഗറിന്റെ മൊഴിമാറ്റം

നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ. പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകി

സാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു