police

മലപ്പുറം: കളഞ്ഞുപോയ പണം തിരികെ വാങ്ങാനെത്തിയ യുവാവിന് കിട്ടിയത് ഉഗ്രൻ പണി. നഷ്ടമായ പണം തിരികെ വാങ്ങാനെത്തിയ ഉടമയെ പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് അഞ്ച് ലക്ഷം രൂപ. ഉടൻ തന്നെ ഇയാളെ കുഴൽപ്പണക്കേസിൽ അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയായ അഷ്റഫാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് അഷ്റഫിന്റെ പക്കൽ നിന്നും 43,000 രൂപ നഷ്ടമായത്. ഈ പണം കിട്ടിയത് സ്ഥലത്തെ ആംബുലൻസ് ഡ്രൈവർമാര്‍ക്കായിരുന്നു. ഇവർ പണം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞാണ് അഷ്റഫ് സ്റ്റേഷനിലെത്തിയത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്ന പൊലീസിന്റെ ചോദ്യത്തിന് മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തപ്പോൾ വീണുപോയതെന്നാണ് അഷ്റഫ് നൽകിയ മറുപടി.

പണം തിരികെ നൽകുന്നതിന് മുൻപായി കമ്പ്യൂട്ടറിൽ ഇയാളുടെ പേര് പരിശോധിച്ചപ്പോഴാണ് രണ്ട് വർഷം മുൻപ് കുഴൽപ്പണ കേസിൽ അറസ്റ്റിലായ ആളാണിതെന്ന് പൊലീസിന് മനസിലായത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് അഷ്റഫിന്റെ അരയിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി അ‌ഞ്ച് ലക്ഷത്തോളം രൂപ കണ്ടെത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി.