
ബംഗളൂരു: വീടിന് തീപിടിച്ച് ഭാര്യയും ഭർത്താവും രണ്ട് മക്കളും മരിച്ചു. കർണാടകയിലെ വിജയനഗര ജില്ലയിൽ മരിയമ്മനഹള്ളിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ(38), മക്കളായ ഹാർദ്വിക്(16), പ്രേരണ( എട്ട്) എന്നിവരാണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിൽ തീപടരുകയായിരുന്നു. മുറിയിലെ എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിന്റെ പിതാവും മാതാവും വീടിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. തീ കണ്ടതോടെ അവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അയൽവാസികളും അഗ്നിശമന സേനയും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.