
ന്യൂഡൽഹി: മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരത്തിൽ പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളാണെന്നും യെച്ചൂരി ആരോപിച്ചു.
രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഉണ്ടാകണമെന്നാണ് താൻ മധുരയിലെ സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ പറഞ്ഞതെന്ന് യെച്ചൂരി വ്യക്തമാക്കി. ബിജെപിയാണ് പ്രധാന എതിരാളി. വർഗീയതയ്ക്കെതിരെ പോരാടുന്നതിനായി ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും പരാജയപ്പെടുത്തണമെന്നും ജനാധിപത്യ ശക്തികളുടെ കൂട്ടായ്‌മ ശക്തിപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. യെച്ചൂരിയെക്കൂടാതെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, ജി രാമകൃഷ്ണൻ എന്നിവരും സിപിഎം തമിഴ്‌നാട് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, കണ്ണൂരിൽ നടക്കുന്ന 23-ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എത്തിച്ചേർന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്‌മയുണ്ടാക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നതിന്റെ ഭാഗമായാണ് സ്റ്റാലിനെ പാർട്ടി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ ഇന്ന് വെെകിട്ട് പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിലും സ്റ്റാലിൻ പങ്കെടുക്കും. സി പി എമ്മിന്റെ മുതിർന്ന നേതാക്കന്മാരും മന്ത്രി എം വി ഗോവിന്ദനും ഉൾപ്പടെയുള്ളവർ ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് നൽകിയത്.