balagopal

കണ്ണൂർ: പശ്ചിമ ബംഗാളിൽ പാർട്ടിയ്‌ക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പാർട്ടി കോൺഗ്രസിൽ സംസാരിക്കവെയാണ് പശ്ചിമ ബംഗാൾ ഘടകത്തിന് സംഭവിച്ച വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് കെ.എൻ ബാലഗോപാൽ വിമർശിച്ചത്. പാർട്ടിയുടെ നയം ലംഘിച്ച് തിരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കിയത് സംഘടനാ വിരുദ്ധമാണ്.

ഈ സംഘടനാ വിരുദ്ധ നടപടിയിൽ ഇടപെടാതെ പാർട്ടി കേന്ദ്ര നേതൃത്വം മാറിനിന്നു. സംഘടനയെ വളർ‌ത്തുന്നതിന് കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കെ.എൻ ബാലഗോപാൽ വിമർശനമുന്നയിച്ചു.ഇതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനിനെതിരെ പാർട്ടി തമിഴ്‌നാട് ഘടകം വിമർശനം ഉന്നയിച്ചു. പദ്ധതിയിൽ വ്യക്തത വരുത്തണമെന്നാണ് തമിഴ്‌നാട്ടിലെ പാർട്ടി പ്രതിനിധി അഭിപ്രായപ്പെട്ടത്. സിംഗൂരും നന്ദിഗ്രാമിലുമുണ്ടായ അനുഭവം ഓർക്കണമെന്ന് പാർട്ടി ബംഗാൾ ഘടകവും സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നൽകി.

അതേസമയം 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള‌ള ബന്ധം' എന്ന വിഷയത്തിൽ പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനും കോൺഗ്രസ് നേതാവ് കെ.വി തോമസും കണ്ണൂരെത്തി. കോൺഗ്രസ് പ്രവർത്തകനായാണ് സെമിനാറിൽ പങ്കെടുത്തതെന്നും കോൺഗ്രസ് ആശയങ്ങളാകും സെമിനാറിൽ സംസാരിക്കുകയെന്നും കെ.വി തോമസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അച്ചടക്ക നടപടിയെ പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും കെ.വി തോമസ് പറഞ്ഞു.