
ഒരിക്കലും വീട്ടിൽ വളർത്താൻ പാടില്ലാത്ത ചെടിയാണ് ചന്ദനം എന്നാണ് പലരും കരുതിയിരിക്കുന്നത്. ചന്ദനം വളർത്തുന്നത് നിയമപരമായി തെറ്റാണ് എന്നതാണ് പലരുടെയും ചിന്ത. എന്നാൽ ചന്ദനം വീട്ടിൽ വളർത്താം, വിറ്റ് പണം സമ്പാദിക്കുകയും ചെയ്യാം. അത് എങ്ങനെയാണെന്ന് നോക്കാം.
ചന്ദനം വീട്ടിൽ വളർത്തുന്നത് നിയമപരമായി തെറ്റായ കാര്യമല്ല. എന്നാൽ മരം മുറിക്കുന്നതിന് സർക്കാരിന്റെ അനുമതി വേണം. മരം വീടിന് ഭീഷണിയാകുന്നെങ്കിലോ ചരിഞ്ഞു വീഴുകയാണെങ്കിലോ നിലവിലെ നിയമപ്രകാരം ചന്ദനം മുറിക്കാവുന്നതാണ്. ഇങ്ങനെ മരം മുറിക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡി എഫ് ഒയ്ക്ക് നിവേദനം സമർപ്പിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ വേരടക്കം എടുത്ത് മഹസർ തയാറാക്കിയ ശേഷം മറയൂരിലേയ്ക്ക് കൊണ്ടുപോകും. വനം വകുപ്പിന്റെ ചന്ദന ഡിപ്പോ മറയൂരിലാണ്. കേരളത്തിൽ എവിടെ ചന്ദനം മുറിച്ചാലും മറയൂർ ചന്ദന ഡിപ്പോയിലാണ് കൊണ്ടുപോകുന്നത്.
സ്ഥലം ഉടമയ്ക്ക് സർക്കാരിൽ മറ്റ് ബാദ്ധ്യതകളൊന്നും ഇല്ലെങ്കിൽ പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയാണെങ്കിൽ മരത്തിന് വില ലഭിക്കില്ല. പണം ലഭിക്കാനായി തഹസിൽദാർ തസ്തികയിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രവും വേണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ ചന്ദനത്തിന്റെ തൂക്കം എത്ര കിലോഗ്രാമാണെന്ന് നോക്കും. 2012 വരെ മരത്തിന്റെ 70ശതമാനം ഉടമയ്ക്കും ബാക്കി സർക്കാരിനുമായിരുന്നു. എന്നാൽ ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ല ചന്ദന മരം മുറിക്കുകയാണെങ്കിൽ അത് മറയൂരിലേയ്ക്ക് എത്തിച്ച് ചെത്തിയൊരുക്കി ലേലത്തിൽ വച്ച് അത് വാങ്ങിയവർക്ക് വിട്ടുനൽകുന്നത് വരെയുള്ള ചെലവ് മാത്രം കുറവ് ചെയ്ത് ബാക്കി തുക മുഴുവൻ ഉടമയ്ക്ക് നൽകും. മരത്തിന്റെ വിലയുടെ 90ശതമാനത്തിലധികം തുകയും ഇതിലൂടെ ഉടമയ്ക്ക് ലഭിക്കുന്നു.
മുപ്പതോളം ഇനത്തിൽപ്പെട്ട ചന്ദനമരങ്ങളുണ്ട്. എന്നാൽ കേരളത്തിലെ ഏറ്റവും മികച്ചയിനം സന്റാലം ആൽബം ആണ്. ഇവ അർദ്ധപരാത സസ്യമായതിനാൽ ഒറ്റയ്ക്ക് നടുന്നതിന് പകരം തൊട്ടാവാടി പോലുള്ള മറ്റ് ചെടികൾക്കൊപ്പം നടുന്നതാണ് നല്ലത്. ഏഴ് മുതൽ എട്ട് മാസം വരെ പ്രായമുള്ള ഒരടിയെങ്കിലും ഉയരമുള്ള തൈകളാണ് നടീൽ വസ്തുവായി ഉപയോഗിക്കേണ്ടത്. ഒന്നരയടി നീളവും വീതിയുമുള്ല കുഴികൾ മൂന്ന് മീറ്റർ അകലത്തിലെടുത്ത് ചാണകപ്പൊടി ചേർത്ത് നടാം. കുറഞ്ഞ അളവിൽ മാത്രം വെള്ളം നനച്ചാൽ മതി. 15 വർഷമാകുമ്പോൾ കാതൽ രൂപപ്പെടും. ചന്ദനത്തിന്റെ വേരിനും വില ലഭിക്കും അതിനാൽ മരം മുറിക്കുന്നതിന് പകരം വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്.
ചന്ദനക്കാട്ടിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വന സംരക്ഷണ സമിതികൾ വഴി വിൽപ്പന നടത്തുന്നുണ്ട്. മറയൂർ വികസന ഏജൻസിയുടെ അക്കൗണ്ടിൽ പണം അടച്ച ശേഷം മറയൂരിലെത്തി വിത്തുകൾ ശേഖരിക്കാം. വന സംരക്ഷണ സമിതിക്ക് 50രൂപയും വനവികസന സമിതിക്ക് 200രൂപയും ചേർത്ത് ഒരു കിലോ വിത്തിന് 600രൂപയ്ക്കാണ് വനം വകുപ്പ് വിൽക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ തുക അടച്ച് റെയിഞ്ച് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വിത്തും പാസും ലഭിക്കും. ഐ ഡബ്ല്യൂ, എസ് ടി ബംഗളൂരു, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാടക വനം വകുപ്പ്, തമിഴ്നാട് വനം വകുപ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം വിത്ത് ലഭിക്കുന്നതാണ്.