
ഇസ്ളാമാബാദ്: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പാകിസ്ഥാനിലെ ദേശീയ അസംബ്ളി സമ്മേളനം പുനരാരംഭിച്ചു. പാക് സമയം ഉച്ചയ്‌ക്ക് 2.30ഓടെ ആരംഭിച്ച സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പ്രസംഗം ആരംഭിച്ചു. മറ്റ് നാടകീയ രംഗങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലെങ്കിൽ ഇഫ്‌താർ വിരുന്നിന് ശേഷം രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമാവധി നേരം പ്രസംഗിച്ച് അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാനാണ് ചർച്ചയിൽ പങ്കെടുക്കുന്ന മന്ത്രിമാർ ശ്രമിക്കുന്നത് എന്നാണ് വിവരം. ഷാ മുഹമ്മദ് ഖുറേഷിയോട് മൂന്ന് മണിക്കൂർ നേരം പ്രസംഗിക്കാനാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടത്. സ്‌പീക്കർ ആസാദ് ഖൈസർ ഇത് അനുവദിച്ചതായാണ് റിപ്പോർട്ടുകൾ.
അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെതിരായ വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ ബഹളമുണ്ടായതോടെയാണ് നേരത്തെ സഭ നിർത്തിവച്ചത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന്റെ ചേമ്പറിൽ സർക്കാർ അവിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോയാൽ നേരിടേണ്ടത് എങ്ങനെയെന്ന് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്‌തു. ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗത്തെ തടസപ്പെടുത്തേണ്ട എന്ന് ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഇന്ന് പ്രതിപക്ഷം പുറത്താക്കുമെന്ന് സമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് പറഞ്ഞു. നിലവിൽ സഭയിൽ പ്രതിപക്ഷ നിരയിൽ 199 അംഗങ്ങളും ഇമ്രാൻ ഖാനൊപ്പം ഭരണപക്ഷത്ത് 142 പേരുമാണുളളത്.