
സ്വിസ് പർവതത്തിൽ ഒറ്റയ്ക്ക് സ്‌നോ ബോർഡിംഗ് നടത്തുന്നതിനിടയിലാണ് ടിം ബ്ലേക്കി കാൽ തെന്നി 15 അടി താഴ്ചയിലേക്ക് വീണത്. സഹായിക്കാൻ ആരുമില്ല, ചുറ്റിലും വലുതും ചെറുതുമായ നിരവധി ഐസ് പാളികൾ.
വലിയ ഉയരത്തിൽ നിന്നും ടിം ബ്ലേക്കി വീണതും നേർത്ത ഒരു മഞ്ഞു പാളിയിലേക്കാണ്. മരണത്തെ മുഖാമുഖം കണ്ടെങ്കിലും കൈയിലുണ്ടായിരുന്ന ഫോണിലേക്ക് ഒരു നിമിഷം ടിമ്മിന്റെ ശ്രദ്ധ മാറി. ഫോൺ പൂർണമായും നനഞ്ഞിരിക്കുന്നു.
സ്‌ക്രീന് മുകളിലൂടെ വെള്ളമൊഴുകുന്നു. ആകെയുള്ള ചാർജ് മൂന്ന് ശതമാനം. പതിനഞ്ച് അടി താഴ്ചയിലാണെങ്കിലും 3ജി കണക്ഷൻ കിട്ടുന്നുണ്ടെന്ന് ടിം മനസിലാക്കി. ഉടൻ തന്നെ എമർജൻസി സർവീസിനെ ആശ്രയിക്കുകയായിരുന്നു.
തന്റെ ജീവൻ രക്ഷിച്ചതിന് ആപ്പിളിന് നന്ദി അറിയിച്ച് ടിം ബ്ലേക്കി ഇൻസ്റ്റയിൽ കുറിപ്പെഴുതിയതോടെയാണ് സംഗതി ലോകമറിഞ്ഞത്. 'ആപ്പിളിന് നന്ദി, അടിയന്തര സേവനങ്ങളിലേക്കുള്ള അവരുടെ സൈഡ് ബട്ടൺ 5 ക്ലിക്ക് ചെയ്യുക. 3ജി കണക്ഷനും 3% ബാറ്ററിയും മാത്രമായിട്ടും എന്റെ ജീവൻ രക്ഷിച്ചത് ഐ ഫോണാണ്.'
അതേസമയം, ഇനിയൊരിക്കലും ഒറ്റയ്ക്ക് സ്‌നോ ബോർഡിംഗ് ചെയ്യില്ലെന്ന് പറഞ്ഞ ടിം മറ്റുള്ളവരോടും ഒറ്റയ്ക്ക് യാത്ര തിരിക്കരുതെന്ന് അഭ്യർത്ഥിച്ചു.
ഐഫോണിൽ എമർജൻസി സർവീസുകൾ പ്രവർത്തിപ്പിക്കുന്ന രീതി
നിങ്ങളുടെ സ്‌ക്രീനിൽ എമർജൻസി SOS സ്ലൈഡർ ദൃശ്യമാകുന്നത് വരെ സൈഡ് ബട്ടണും വോളിയം ബട്ടണുകളിലൊന്നും ഒരുമിച്ച് അമർത്തിപ്പിടിക്കുക.
സ്ലൈഡർ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ, അടിയന്തര സേവനങ്ങളെ വിളിക്കാൻ എമർജൻസി സ്ലൈഡർ ഡ്രാഗ് ചെയ്യേണ്ടി വരും.
സൈഡ് ബട്ടണും വോളിയം ബട്ടണും അമർത്തിപ്പിടിക്കുന്നത് തുടരുകയാണെങ്കിൽ, സ്ലൈഡർ ഡ്രാഗ് ചെയ്യുന്നതിനു പകരം, ഒരു കൗണ്ട് ഡൗൺ ആരംഭിക്കുകയും ഒരു അലേർട്ട് മുഴങ്ങുകയും ചെയ്യും.
കൗണ്ട് ഡൗൺ അവസാനിക്കുന്നത് വരെ നിങ്ങൾ ബട്ടണുകൾ അമർത്തിപ്പിടിച്ചാൽ, നിങ്ങളുടെ iPhone സ്വയമേ അടിയന്തര സേവനങ്ങളെ വിളിക്കും. ഈ ക്രമീകരണങ്ങൾ iPhone 8ലോ അതിനുശേഷമുള്ളതിലോ ലഭ്യമാണ്.