shibu

കൊല്ലം: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാനുള‌ള കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനത്തെ വിമർശിച്ച് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ഫ്രഞ്ച് ചാരക്കേസിന്റെ പേരിൽ സിപിഎം പണ്ട് വേട്ടയാടിയിരുന്നത് ഓർമ്മിപ്പിച്ചാണ് ഷിബു ബേബി ജോണിന്റെ വിമർശനം. കെ.വി തോമസിന്റെ മകന്റെ വിവാഹസമയത്ത് രണ്ട് ദിവസവും പൂ‌ർണസമയം അന്ന് ഇടത് മന്ത്രിസഭാംഗമായിരുന്ന ബേബി ജോൺ പങ്കെടുത്തു. ഇത് അന്ന് വിവാഹസമയത്ത് കെ.വി തോമസിനെ അറസ്‌റ്റ് ചെയ്യുമെന്ന ശ്രുതിയുണ്ടായിരുന്നത് തിരിച്ചറിഞ്ഞായിരുന്നു. അന്ന് ബേബി ജോണിന്റെ സാന്നിദ്ധ്യം തനിക്ക് വലിയ ആശ്വാസമാണെന്ന് തോമസ് മാഷ് തന്നോട് പറഞ്ഞതായും ഷിബു ബേബി ജോൺ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. മാഷ് ഇക്കാര്യങ്ങൾ മറന്നുപോയിട്ടുണ്ടാകാം അത് ഓർമ്മിപ്പിക്കേണ്ടത് തന്റെ കടമയാണെന്നും ഷിബു ബേബി ജോൺ പറയുന്നു.

ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറിൽ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാൻ ആദ്യമായി 2001 ൽ എംഎൽഎയായി ജയിച്ചു വന്നപ്പോൾ മുതൽ എന്നോട് അങ്ങേയറ്റം വാൽസല്യവും സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്‌നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓർമിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരിൽ സി.പി.എം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്റെ പിതാവ് ആ സർക്കാരിൽ മന്ത്രിയാണ്. അക്കാലത്ത് നടന്ന മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂർണ സമയം എന്റെ പിതാവ് ചടങ്ങുകളിൽ പങ്കാളിയായിരുന്നു. സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ നിർദ്ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളിൽ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നു ശ്രുതി ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ സ. ബേബി ജോണിന്റെ സാന്നിദ്ധ്യം തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് എന്നോട് പറഞ്ഞത് തോമസ് മാഷ് തന്നെയാണ്.
ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോൾ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാൽ ഇപ്പോൾ ഇത് ഓർമിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്.
അനുബന്ധം: ഈ പോസ്റ്റിന് ക്യാപ്സ്യൂളായി സരസൻ സംഭവം പൊക്കിക്കൊണ്ട് ചിലർ വരുമെന്ന് എനിക്കറിയാം. എന്നാൽ വാട്സാപ്പ് ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിൽ കിട്ടുന്ന ക്യാപ്സ്യൂളുകൾക്കപ്പുറം ചരിത്രം അറിയാത്തവർക്കായി ഒരു വാക്ക്: സരസൻ സംഭവത്തിന്റെ പേരിൽ സ.ബേബി ജോണിനെയും ആർ.എസ്.പി പ്രവർത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല. കോൺഗ്രസിനൊപ്പം സി.പി.എമ്മും സി.പി.ഐയും കൂടി ചേർന്നാണ് ബേബി ജോണിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും ബേബി ജോണിനെ 'കൊലയാളി' എന്ന് വിളിച്ചതും. കോൺഗ്രസ് എന്റെ ' പിതാവിനെ നേരെ എതിരെ നിന്ന് എതിർത്തപ്പോൾ കൂടെ നിന്ന് പിന്നിൽ നിന്നും കുത്തിയത് സി.പി.എമ്മും സി.പി.ഐയുമായിരുന്നു. അന്നത്തെ ഇടതുമുന്നണി സർക്കാരിൽ ടി.കെ രാമകൃഷ്ണൻ മന്ത്രിയായിരുന്ന അഭ്യന്തര വകുപ്പിന് കീഴിലെ പോലീസായിരുന്നു ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന ആർ.എസ്.പിയുടെ പ്രവർത്തകരെയെല്ലാം കൊലയാളികളായി മുദ്രകുത്തി മൂന്നാം മുറകൾക്ക് ഇരയാക്കിയതെന്നുമുള്ള ചരിത്രം നിങ്ങളെ ഓർമിപ്പിക്കട്ടെ.