rahul-gandhi

ന്യൂഡൽഹി: പ്രസംഗത്തിനിടെ സവർക്കറെ 'ജീ' എന്നു വിളിച്ച് പിന്നാലെ സ്വയം തിരുത്തി രാഹുൽ ഗാന്ധി. 'ജീ' എന്ന വിളിക്ക് അർഹനല്ല സവർക്കർ എന്നായിരുന്നു രാഹുലിന്റെ വിശദീകരണം. കോൺഗ്രസ് നേതാവും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ രാജു എഡിറ്റ് ചെയ്ത ദലിത് ട്രൂത്ത് എന്ന പുസ്തകം ഡൽഹിയിൽ പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ രൂക്ഷവിമർശനം.

ആളുകളെ ബഹുമാനിക്കുന്നത് തന്റെ സംസ്‌കാരമാണ്. എന്നാൽ സവർക്കറെ ജീ എന്ന് വിളിക്കാൻ പാടില്ല. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത് താനും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‌ലിമിനെ മർദിച്ചപ്പോഴായിരുന്നു എന്ന് എഴുതിയയാളാണ് സവർക്കർ. അങ്ങനെയുള്ളയാൾ ബഹുമാനം അർഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ കയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ'യെ കളിയാക്കി 'റേപ് ഇൻ ഇന്ത്യ' എന്ന് പ്രയോഗിച്ച രാഹുൽ ഗാന്ധി അതിന്റെ തുടർച്ചയായി സംഘപരിവാറിന്റെ സൈദ്ധാന്തിക വിഗ്രഹമായ വീർ സവർക്കറെ പരിഹസിച്ചതും വിവാദമായിരുന്നു. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ല എന്നായിരുന്നു രാഹുൽ ഗാന്ധി തിരിച്ചടിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പെഴുതി നൽകി ജയിൽ മോചിതനായതിനെ ഓർമ്മിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.