
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് കെ.വി തോമസ് പാർട്ടി വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വേദിയിലുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം സെമിനാർ വേദിയിലെ മുൻനിരയിലാണ് കെ.വി തോമസ്. ക്രിസ്‌തുദേവന്റെ ഛായാചിത്രം കോടിയേരി ബാലകൃഷ്‌ണൻ കെ.വി തോമസിന് സമ്മാനിച്ചു.
'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കാനാണ് കെ.വി തോമസ് എത്തിയത്. സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അച്ചടക്ക നടപടിയെടുത്താലും കോൺഗ്രസുകാരനായി തുടരുമെന്ന് മുൻപ് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. പാർട്ടി നടപടിയെ പേടിക്കുന്നില്ല. ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും തന്നെ വിലക്കിയത് അപക്വമായ തീരുമാനമാണോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകനായിട്ടാണ് സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നത്. സെമിനാറിൽ കോൺഗ്രസ് ആശയങ്ങളായിരിക്കും പ്രസംഗിക്കുകയെന്നും കെ വി തോമസ് മുൻപ് വ്യക്തമാക്കിയിരുന്നു.