night-patroling

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കമാണ് പുനരാരംഭിക്കുന്നത്. ഡിജിപിയുടേതാണ് നിർദേശം.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ രണ്ട് വർഷത്തോളമായി കേരളത്തിൽ ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് രാത്രികാല വാഹന പരിശോധന വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്.

റോഡിലെ നിയമലംഘനങ്ങൾ തടയാനുള്ള നടപടികൾ ഊർജിതമാക്കിയിരിയ്ക്കുകയാണ് അധികൃതർ. 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് നിയമലംഘനങ്ങൾ തടയുന്നതിനായി പുതുതായി സ്ഥാപിച്ചിരിക്കുന്നത്. 250 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഹെൽമറ്റ് വച്ചിട്ട് സ്ട്രാപ് ഇടാതിരുന്നാലും പിഴ നൽകേണ്ടി വരും. നിലവാരമില്ലാത്ത ഹെൽമറ്റ് ധരിക്കുക,പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കാതിരിയ്ക്കുക എന്നിവയ്ക്കും പിഴ ഈടാക്കും.

ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിയ്ക്കുക, വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിയ്ക്കുക, സീറ്റ് ബൈൽറ്റ് ധരിക്കാതെയിരിയ്ക്കുക തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഒപ്പിയെടുക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വാഹനപകടങ്ങൾ കുറയ്ക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.