
കണ്ണൂർ: കോൺഗ്രസ് ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സെമിനാറിൽ പങ്കെടുത്താൽ കെ.വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലർ പേടിപ്പിച്ചു. എന്നാൽ കെ.വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല, നാളെയും ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.വി തോമസിന്റെ കാര്യത്തിൽ പ്രവചനത്തിനില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
'കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് നേതാവെന്ന നിലയിലാണ്.അദ്ദേഹം ഇപ്പോഴും കോൺഗ്രസ് നേതാവായി തുടരുന്നു. സെമിനാറിൽ പങ്കെടുത്താൽ മൂക്ക് ചെത്തിക്കളയും എന്ന് ചിലർ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചില്ല, നാളെയും ഒന്നും സംഭവിക്കില്ല.' മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സിപിഎം പരിപാടിയിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ തോപ്പുംപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ കോലം കത്തിച്ച് കായലിലൊഴുക്കി.