
ശ്രീനഗർ: രണ്ട് ഫയലുകളിൽ നിയമവിരുദ്ധ ഇടപെടലുകൾ നടത്താൻ തനിക്ക് 300 കോടി വാഗ്ദാനം ചെയ്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്ന് മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിർദ്ദേശമാണ് ലഭിച്ചത്. അതിന് അനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചത്.
300 കോടിയുടെ അഴിമതി സംബന്ധിച്ച് സത്യപാൽ മാലിക്കിനെതിരേ സി.ബി.ഐ അന്വേഷണം വരുമെന്ന് വാർത്ത വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.തോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് കുർത്തയുമായിട്ടാണ് കാശ്മീരിലെത്തിയത്. തിരിച്ച് പോവുമ്പോഴും അത് മാത്രമാണ് കൂടെയുണ്ടാവുക എന്നാണ് പണം വാഗ്ദാനം ചെയ്തവരോട് താൻ പറഞ്ഞത്. ആർ.എസ്.എസുമായി ബന്ധമുള്ള ഒരാളും ഒരു വ്യവസായ പ്രമുഖനുമായിരുന്നു പണം വാഗ്ദാനം ചെയ്തത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കും. തനിക്കെതിരേ അന്വേഷണം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും മാലിക് പ്രതികരിച്ചു.
അന്വേഷണം വന്നാലും സ്വാഗതം ചെയ്യും. കർഷക സമരത്തിന് അനുകൂലമായ നിലപാടെടുത്തത് കൊണ്ട് ചിലർ എന്നെ ലക്ഷ്യം വയ്ക്കുകയാണ്. പക്ഷെ ഭയമില്ലെന്നും കർഷകർക്ക് വേണ്ടി ഇനിയും ശബ്ദമുയർത്തുമെന്നും മാലിക് പറഞ്ഞു.