pak

ഇസ്ലാമാബാദ് : രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സർഫസ് - ടു - സർഫസ് ( ഉപരിതല ) മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലായ ' ഷഹീൻ III "യുടെ പരീക്ഷണം ഇന്നലെ വിജയകരമായി നടത്തിയെന്ന് പാകിസ്ഥാൻ സൈന്യം. 2,750 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകർക്കാൻ ശേഷിയുള്ളതാണ് ഷഹീൻ. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുവരെ ഈ മിസൈലിന് എത്താൻ ശേഷിയുള്ളതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷഹീന് ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാനാകും.

സോളിഡ് ഫ്യുവൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മിസൈലിന് കൂടുതൽ കൃത്യതയോടെ സഞ്ചരിക്കാനും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ഒഴിവാക്കി പോർമുനയുടെ പാത ക്രമീകരിക്കാനും കഴിയുമെന്നാണ് റിപ്പോർട്ട്. 2015 മാർച്ചിലാണ് ഈ മിസൈൽ ആദ്യമായി പരീക്ഷിച്ചത്.

കഴിഞ്ഞ വർഷം, തദ്ദേശീയമായി വികസിപ്പിച്ച ബാബർ ക്രൂസ് മിസൈൽ 1ബിയുടെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണം പാക് സേന നടത്തിയിരുന്നു. ഷഹീൻ മിസൈലിന്റെ പരീക്ഷണത്തിൽ ഭാഗമായ എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും പാകിസ്ഥാനിലെ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷന്റെ ഡയറക്ടർ ജനറൽ ആയ ലഫ്. ജനറൽ നദീം സാകി മഞ്ച് അഭിനന്ദിച്ചു.