
ലാഹോർ: പാകിസ്ഥാൻ ദേശീയ കൗൺസിലിൽ ഇമ്രാൻ ഖാനെ നാണം കെടുത്തി പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ. തോൽക്കുമെന്ന് ഉറപ്പാകുമ്പോൾ കളിച്ചുകൊണ്ടിരുന്ന വിക്കറ്റുകളും ഊരിയെടുത്ത് കൊണ്ട് ഓടുന്ന ആദ്യത്തെ ക്യാപ്ടനാണ് ഇമ്രാൻ ഖാനെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുമ്പായി നടന്ന ചർച്ചയിലായിരുന്നു ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രിക്കെതിരായി ആഞ്ഞടിച്ചത്. പാർലമെന്റിൽ ചർച്ച നക്കുമ്പോൾ ഇമ്രാൻ ഖാൻ സന്നിഹിതനായിരുന്നില്ല.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ വിശ്വസിക്കരുതെന്നും അയാൾ ചതിക്കുമെന്നും നിരവധി തവണ താൻ ഇമ്രാന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ബിലാവൽ പറഞ്ഞു. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിൽ വിദേശശക്തികൾ ഇടപെടുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദിവസങ്ങളായി നടക്കുകയാണ് ബിലാവൽ പറഞ്ഞു. വേണമെങ്കിൽ ദിവസങ്ങളോളം ഇതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും എന്നാൽ ഇപ്പോൾ അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പുമായി മുന്നോട്ട് പോകണമെന്നും ബിലാവൽ സ്പീക്കറിനോട് അഭ്യർത്ഥിച്ചു.
പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമല്ല മറിച്ച് ജനാധിപത്യത്തെ അനുകൂലിക്കുന്നവരും ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള സംഘർഷമാണ് നിലവിൽ രാജ്യത്ത് നടക്കുന്നതെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിനെ ഇമ്രാൻ ഖാൻ ഭയപ്പെടുന്നുണ്ടെന്നും അതിനാലാണ് ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.