gokulam-kerala

കൊൽക്കത്ത: ഇന്ത്യൻ ആരോസിനെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്ത് ഗോകുലം കേരള ഐ ലീഗ് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി. ആദ്യ ഐ ലീഗ് മത്സരത്തിന് ബൂട്ടുകെട്ടിയ ശ്രീലങ്കൻ താരം വസീം റസീക് ആണ് ഗോകുലത്തിനായി പത്താം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. തുടർന്ന് ശരീഫ് മുഹമ്മദും ലൂക്കയും ഗോകുലത്തിനായി ആദ്യപകുതിയിൽ തന്നെ ലക്‌ഷ്യം കണ്ടു. രണ്ടാം പകുതിയിൽ മലയാളി താരങ്ങളായ ജിതിൻ എം എസ്, സമാൻ എന്നിവരും ഗോകുലത്തിന് വേണ്ടി ഗോൾ വല ചലിപ്പിച്ചു.

തുടക്കം മുതൽ അക്രമിച്ചുകളിച്ച ഗോകുലം പൂർണആധിപത്യമാണ് കളിയിലുടനീളം പുലർത്തിയത്. ഗോകുലം പ്രതിരോധനിര കാര്യമായി പരീക്ഷിക്കപെടാതിരുന്ന മത്സരത്തിൽ അനായാസമായിരുന്നു ഗോകുലത്തിന്റെ ഓരോ ആക്രമണങ്ങളും. പത്താം മിനിറ്റിൽ ലൂക്ക നൽകിയ അർദ്ധ അവസരം ഗോളിയെ കാഴ്ചക്കാരനാക്കി വസീം ഗോൾ ആക്കി മാറ്റുകയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം എമിൽ ബെന്നിക്ക് മികച്ച അവസരം കിട്ടിയെങ്കിലും ഗോൾ ആക്കാൻ കഴിഞ്ഞില്ല.

28 ആം മിനിറ്റിൽ ബോളുമായി കുതിച്ച ലൂക്കയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി കിക്ക്‌ ഷെരിഫ് മുഹമ്മദ് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി തടഞ്ഞു ഡിഫ്ലെക്ട് ആയ പന്ത് രണ്ടാമതൊരു കിക്കിൽ ഷെരീഫ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

32 ആം മിനിറ്റിൽ ഗ്രൗണ്ടിന്റെ മദ്ധ്യത്തിൽ നിന്നും വസീം നൽകിയ ലോംഗ് പാസ് രണ്ടു ആരോസ് താരങ്ങളെ മറികടന്നാണ് ലൂക്ക ഗോളാക്കി മാറ്റിയത്. 72 ആം മിനിറ്റിൽ ലൂക്ക നൽകിയ പാസ്സ് മികച്ച ഒരു ടീം ഗെയിംമിലൂടെ മലയാളി താരം ജിതിൻ ഗോൾ ആക്കി മാറ്റി. മത്സരത്തിൽ തിരിച്ചുവരാൻ അവസരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അവസാന നിമിഷങ്ങളിൽ മാത്രമാണ് ആരോസ് ചില അവസരങ്ങൾ പുറത്തെടുത്തത് , 81 ആം മിനിറ്റിൽ ശ്രീകുട്ടന്റെ അസ്സിസ്റ്റിൽ സമാൻ അഞ്ചാമത്തെ ഗോൾ കൂടെ നേടി ഗോകുലത്തിന്റെ ഗോൾവേട്ട പൂർത്തിയാക്കി.