kv-thomas

കണ്ണൂർ: കെ സുധാകരന് നല്ല കൈപ്പടയുണ്ടെന്നും അതിനാൽ തന്നെ കത്തെഴുതാമെന്നും കെ വി തോമസ്. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെ പി സി സി അദ്ധ്യക്ഷൻ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു കെ വി തോമസ്. താൻ കോൺഗ്രസിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നും ജനാധിപത്യ പാർട്ടിയായ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയില്ലെന്നും കെ വി തോമസ് പറ‌ഞ്ഞു.
താൻ ദീർഘകാലം ജനപ്രതിനിധിയായത് ജനങ്ങളുടെ അംഗീകാരം ഉണ്ടായിരുന്നതിനാലാണെന്നും അതിനാൽ തന്നെ സുധാകരന്റെ കത്തിനെ ഭയപ്പെടുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. അഭിപ്രായം തുറന്നു പറഞ്ഞത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്തുപോകാനാണെങ്കിൽ ആദ്യം പോകേണ്ടത് എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെയുള്ള നേതാക്കളായിരിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാരിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി നേരത്തെ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. കെ. വി. തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചു,​ സെമിനാറിൽ പങ്കെടുത്തത് മുൻകൂട്ടി നിശ്‌ചയിച്ച തിരക്കഥ പ്രകാരമാണ്. നടപടി എന്തെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഒരു വർഷമായി സി.പി.എം നേതാക്കളുമായി ചർച്ചയിലായിരുന്നു കെ.വി. തോമസെന്നും സുധാകരൻ വ്യക്തമാക്കി.