
ചെന്നൈ: രാജ്യത്തിന്റെ ഐക്യത്തിന് ഇംഗ്ളീഷിന് പകരം ഹിന്ദി സർക്കാർ ഭാഷയാക്കാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വിവിധ കക്ഷികൾ വൈകാരികമായി തന്നെ വിഷയത്തിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പ്രത്യേകിച്ച് കുറിപ്പുകളൊന്നും കൂടാതെ വിഖ്യാത സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത ചിത്രം ഇപ്പോൾ വിഷയത്തിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്.
'തമിഴ്‌നങ്ക്' എന്ന് തമിഴിൽ കുറിച്ച ചിത്രത്തിൽ കാണുന്ന തമിഴ് ദേവതയുടെ ചിത്രം അമിത് ഷായ്‌ക്കുളള പരോക്ഷ മറുപടിയായാണ് പലരും കാണുന്നത്. രാജ്യത്തിന്റെ സമഗ്രതയെ തകർക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ പറഞ്ഞു. റഹ്‌മാൻ പങ്കുവച്ച ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വരികൾ കവി ഭാരതിദാസന്റേതാണ്. തമിഴരുടെ അസ്‌തിത്വത്തിന്റെ വേരുകൾ തമിഴ്‌ഭാഷയിലാണെന്നാണ് വരികളുടെ അർത്ഥം.
ചിലർ റഹ്‌മാന്റെ ചിത്രത്തെ പ്രകീർത്തിച്ചപ്പോൾ മറ്റുചിലർ ഹിന്ദിയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ചെയ്‌തശേഷം ഇത്തരത്തിൽ പോസ്‌റ്റ് ചെയ്‌തത് നന്നായില്ല എന്ന അഭിപ്രായക്കാരുമുണ്ട്. അതേസമയം എൻഡിഎ ഘടകക്ഷിയും തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷവുമായ എഐഡിഎംകെ വിഷയത്തിൽ സ്വീകരിച്ച നിലപാട് വ്യത്യസ്‌തമാണ്. ഹിന്ദി പഠിക്കണമെന്നുളളവർക്ക് പഠിക്കാം എന്നാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് എഐഡിഎംകെയുടെയും നിലപാട്.
— A.R.Rahman (@arrahman) April 8, 2022