tablets

കോട്ടയം: നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും കൊവിഡിനെ ഇപ്പോഴും നിസാരമായി കാണരുതെന്ന് ആവർത്തിക്കുകയാണ് ആരോഗ്യ വകുപ്പ്. ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ടത്തിലും ആശുപത്രിയിലുമൊക്കെ മാസ്ക് ധരിച്ചേ നടക്കാവൂയെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം മാസ്ക് വിൽപ്പനയും കുറഞ്ഞിട്ടുണ്ട്.

മറ്റു പകർച്ച വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും എണ്ണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി ആരോഗ്യ വിഭാഗത്തിന്റെ പ്രധാന പരിഗണന. 'ഡ്രഗ്‌സ് റസിസ്റ്റൻസ്' വില്ലനായി മാറുന്നതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് പരമാവധി കുറയ്ക്കണമെന്നും നൽകുന്നുണ്ടെങ്കിൽ കാരണം കൃത്യമായി രേഖപ്പെടുത്തണമെന്നും ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

പോസ്റ്റ് കൊവിഡ് പ്രശ്നങ്ങൾ.

പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പരിശോധനയിൽ പത്തിൽ നാലു പേർക്ക് കൊവിഡാനന്തര പ്രശ്‌നങ്ങൾ തുടരുന്നുണ്ട്. എന്നാൽ ഇതിൽ ചികിത്സ തേടുന്നവർ തുലോം തുച്ഛമാണ്. ക്ഷീണം, നെഞ്ചിടിപ്പ്, ചുമ, മണം-രുചി നഷ്ടപ്പെടൽ, തലവേദന, ശ്വാസംമുട്ടൽ, സന്ധിവേദന, ഉറക്കക്കുറവ്, മ്ലാനത, മുടികൊഴിച്ചിൽ, തുടർച്ചയായി ശരീരത്ത് വാതപ്പരു രൂപപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകളും കാണുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരിലാണ് ഇതിന്റെ തീവ്രത കൂടുതൽ. ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവിക്കേണ്ടി വരുന്നവരാണ് കടുത്ത മാനസിക ബുദ്ധിമുട്ടുകളിലേയ്ക്ക് പോകുന്നത്. നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളുള്ളവർ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സഹായം തേടണം.