
ലാഹോർ: പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക അവസാനം കുറിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസ വോട്ടെടുപ്പിൽ പരാജയം സമ്മതിച്ചു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇമ്രാൻ ഖാൻ വിടുകയും ചെയ്തു. അതേസമയം ഇമ്രാൻ ഖാൻ പാകിസ്ഥാൻ വിട്ടേക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ, ഇമ്രാനെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്ലമാബാദ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
അതേസമയം വളരെ നാടകീയമായ സംഭവങ്ങളായിരുന്നു പാകിസ്ഥാൻ ദേശീയ കൗൺസിലിൽ അവിശ്വാസപ്രമേയത്തിന് മുമ്പായി അരങ്ങേറിയത്. അവിശ്വാസപ്രമേയത്തിന് തൊട്ടുമുമ്പായി പാർലമെന്റിലെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതായി വാർത്തകളുണ്ടായിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുമെന്ന് ഉറപ്പായിട്ടും അതിനെ അഭിമുഖീകരിക്കുകയോ, രാജിവയ്ക്കുകയോ ചെയ്യാതെ അവസാന മണിക്കൂറിലും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഇമ്രാൻ. അതിനിടെ ഉത്തരവ് അനുസരിക്കുന്നില്ലെന്ന് കണ്ട് സുപ്രീം കോടതി രാത്രി 12 മണിക്ക് അടിയന്തരമായി ചേരാൻ നടപടി തുടങ്ങി. ഇതറിഞ്ഞതോടെയാണ് ഇമ്രാൻ സഭയിലെത്തി അവിശ്വാസം നേരിടാൻ തീരുമാനിക്കുന്നത്.
സ്പീക്കർ അസദ് ഖൈസർ സഭാ നടപടികൾ പൂർത്തിയാക്കുന്നതിനു പകരം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സൈന്യം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നെങ്കിലും ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
ഇന്നലെ രാവിലെ പത്തരയോടെ സഭ ചേർന്നെങ്കിലും ഇമ്രാൻ അടക്കം ഭരണ പക്ഷത്തെ പകുതിയിലേറെ അംഗങ്ങൾ എത്തിയില്ല. പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും എത്തിയിരുന്നു. അവിശ്വാസ പ്രമേയം ചർച്ച ചെയ്യവെ, ഇമ്രാനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചനയും ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ സഭ ബഹളത്തിൽ മുങ്ങി. ഉച്ചയോടെ നിറുത്തിവച്ചു.
ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് പുനരാരംഭിച്ചത്. പിന്നാലെ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയുടെ പ്രസംഗം ഏറെ നേരെ നീണ്ടുനിന്നു.
പരമാവധി നേരം പ്രസംഗിച്ച് അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാനാണ് ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷ മന്ത്രിമാർ ശ്രമിച്ചത്.
വൈകുന്നേരം വീണ്ടും ചേർന്നെങ്കിലും ഇഫ്താർ വിരുന്നിനായി സന്ധ്യയോടെ നിറുത്തിവച്ച യോഗം രാത്രി 8.30 ന് പുനരാരംഭിക്കുമെന്ന് അറിയിച്ചു. ഇഷാ പ്രാർത്ഥനകൾക്കായി 9.30 വരെ വീണ്ടും നിറുത്തിവച്ചു.
രാത്രി 9 ന് ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മന്ത്രിമാരുടെ യോഗം വിളിച്ചു. യോഗത്തിന്റെ അജണ്ട വ്യക്തമല്ല.
അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ ഇമ്രാൻഖാൻ പിരിച്ചുവിട്ട ദേശീയ അസംബ്ളി സുപ്രീം കോടതിയാണ് പുനഃസ്ഥാപിച്ചത്.അവിശ്വാസപ്രമേയം പരിഗണിക്കാനും ഉത്തരവിട്ടിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് അപ്പീൽ നൽകിയെങ്കിലും അവധിയായതിനാൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല.
പ്രാദേശിക സമയം ഇന്നലെ രാത്രി പത്തരയ്ക്ക് മുമ്പ് അവിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.