
കണ്ണൂർ: സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്നും എ.വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. സംസ്ഥാന മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും ധാരണയായി. സി.എസ്.സുജാത, പി.സതീദേവി എന്നിവരാണ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍. ശനിയാഴ്ച രാത്രി ചേര്‍ന്ന പിബി യോഗത്തിലാണ് ഇക്കാര്യങ്ങൾ ധാരണയായത്.
അതേസമയം, മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കേരളം ഉയർത്തിയത്. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ–സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽനിന്നു പങ്കെടുത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പി. സതീദേവി എന്നിവരാണു കേന്ദ്ര നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്.
ഡൽഹി കേന്ദ്രീകരിച്ച് ഇത്രയധികം നേതാക്കൾ പ്രവർത്തിച്ചിട്ടും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ പാർട്ടിക്കു കഴിയുന്നില്ലെന്നു ബാലഗോപാൽ വിമർശിച്ചു.
കോൺഗ്രസുമായി രാഷ്ടീയ സഖ്യം വേണ്ടെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടും ബംഗാളിലും തെലങ്കാനയിലും അതിനു വിരുദ്ധമായ നിലപാടുകളുണ്ടായെന്നു സതീദേവി ആരോപിച്ചു.