dileep-manju

കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളിൽ നടൻ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളും ഇതിൽപ്പെടും.

ശബ്ദരേഖകളി​ൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതി​ച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാ‌ഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ആവ‌ർത്തിച്ചിരുന്നു.

ഫെബ്രുവരി എട്ടിനാണ് ദിലീപ്, സഹോദരീ ഭ‌ർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ഇതിന്റെ ഫലം അടുത്തയാഴ്ചയേ അന്വേഷണസംഘത്തിന് ലഭിക്കൂ. ഇതിന് പുറമെയാണ് മഞ്ജുവിനെ ശബ്ദരേഖകൾ കേൾപ്പിച്ച് ആധികാരികത ഉറപ്പിച്ചത്. വ‌ർഷങ്ങളോളം പരിചയവും അടപ്പവുമുള്ളവ‌ർ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന് ബലം നൽകുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.

 തെളിവ് നൽകി 'മിറർ ഇമേജ്'

നടിയെ ആക്രമിച്ച കേസിൽ ശബ്ദരേഖകളുൾപ്പെടെ വഴിത്തിരിവായ നി‌ർണായക തെളിവുകൾ നൽകിയത് മുംബയിലെ സ്വകാര്യ ലാബിലെ 'മിറർ ഇമേജ്' റിപ്പോ‌ർട്ട്. വധഗൂഢാലോചന കേസിൽ തെളിവുകൾ മറയ്ക്കാൻ ദിലീപ് മുംബയിലെ ലാബ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച നാല് ഫോണുകളുടെ വിവരങ്ങളാണ് ഇവിടത്തെ ഹാ‌ർഡ് ഡിസ്കിൽ നിന്ന് വീണ്ടെടുത്ത്.

തിരുവനന്തപുരത്തെ ലാബിൽ എത്തിച്ചാണ് ഇതിന്റെ മിറ‌ർ ഇമേജെടുത്തത്. 12,000 വോയ്സ് കാളുകൾ വീണ്ടെടുക്കാനായി​. ഇതിൽ ഏതാനും ചിലത് മാത്രമേ പുറത്തുവന്നി​ട്ടുള്ളൂ. വീണ്ടെടുത്തവയി​ൽ ഏറെയും സിനിമയുടെ ആവശ്യങ്ങൾക്കായി വിളിച്ചതാണ്. വിശദമായ പരിശോധന നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

 ഐമാക്ക് പിടിച്ചെടുക്കും

കേസിലെ ഏഴാം പ്രതി സായ് ശങ്കറിൽ നിന്ന് അഭിഭാഷകർ പിടിച്ചുവാങ്ങി​യ ഐമാക്ക് ലാപ്ടോപ്പും ഐ പാഡും ഫോണുകളും വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ദിലീപിന്റെ രണ്ട് ഐ ഫോണുകളിലെ വിവരങ്ങളാണ് സായ് ശങ്കറിനെ കൂട്ടുപിടിച്ച് നീക്കം ചെയ്തത്. ഇതിന്റെ ഒരു പകർപ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് അഭിഭാഷകർ പിടിച്ചെടുത്തതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.