thomas-muraleedharan

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ വിമർശനവുമായി നേതാക്കൾ. അദ്ദേഹത്തെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. പിണറായി സ്‌തുതി നടത്തിയ ആളാണ് കെ വി തോമസെന്നും അദ്ദേഹം ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കെ വി തോമസിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. തോമസിന്റേത് നിർഭാഗ്യകരമായ നിലപാടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ തോമസ് ചോദ്യം ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് കെ വി തോമസ് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരുമെന്ന് ഉൾപ്പടെ കെ പി സി സി നേതൃത്വം മുന്നറിയിപ്പ് നൽകിയെങ്കിലും ഇതൊന്നും തോമസ് മുഖവിലയ്‌ക്കെടുത്തില്ല.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കണ്ണൂരില്‍ പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ കെ വി തോമസ് കോൺഗ്രസ് നിലപാടിന് വിരുദ്ധമായി കെ-റെയിലിനെ പൂർണമായി പിന്തുണച്ചാണ് സംസാരിച്ചത്. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്നും രാജ്യത്തിനും സംസ്ഥാനത്തിനും ഗുണകരമായ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഒറ്റക്കെട്ടായി നിൽക്കേണ്ടതിനുപകരം കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ലെന്നും കെ വി തോമസ് വേദിയിൽ പറഞ്ഞു.

പിണറായി വിജയനെ 'സഖാവ് ' എന്നാണ് കെ വി തോമസ് അഭിസംബോധന ചെയ്‌തത്. പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമാണെന്നും കെ വി തോമസ് പറഞ്ഞു. ബി ജെ പിക്കെതിരെ 2024ന് കോൺഗ്രസും ഇടതുപാർട്ടികളും കൈകോർക്കേണ്ടതുണ്ടെന്നൂം തോമസ് ഓർമ്മിപ്പിച്ചു. കെ വി തോമസിനെ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വേദിയിലേക്ക് ആനയിച്ചപ്പോൾ കരഘോഷത്തോടെയാണ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ സദസ് സ്വാഗതം ചെയ്തത്.