
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇതുൾപ്പടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഹാക്ക് ചെയ്യപ്പെട്ടത് മൂന്ന് പ്രധാനപ്പെട്ട സർക്കാർ ട്വിറ്റർ അക്കൗണ്ടുകളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് എന്നിവയുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ട മറ്റ് രണ്ടെണ്ണം. യുജിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഏകദേശം 2,96,000 പേർ പിന്തുടരുന്നുണ്ട്. വൈകാതെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി യുജിസി അറിയിച്ചു.
UGC India's official Twitter account hacked. pic.twitter.com/t37ui8KNuC
— ANI (@ANI) April 9, 2022
അക്കൗണ്ട് പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് കാർട്ടൂൺ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടുമുള്ള അജ്ഞാതരായ നിരവധി ആളുകളെ ടാഗ് ചെയ്തുകൊണ്ട് ഹാക്കർമാർ അപ്രസക്തമായ അനവധി ട്വീറ്റുകളും പോസ്റ്റ് ചെയ്തു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ യോഗിയുടെ ചിത്രത്തിന് പകരം കാർട്ടൂൺ ചിത്രം പ്രൊഫൈലാക്കി മാറ്റിയിരുന്നു. വൈകാതെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ ഇന്നലെയാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ശേഷം വിവിധ തരത്തിലുള്ള അറിയിപ്പുകൾ ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.