police-case-

താമരശേരി : സൈക്കിൾ ചോദിച്ചതിന് ഒൻപതുകാരിയായ ഏക മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിക്കുകയും ഭാര്യയുടെ ചെവി കടിച്ചുമുറിക്കുകയും ചെയ്തു. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭർത്താവ് താമരശേരിക്കടുത്ത് പരപ്പൻപൊയിലിലെ മെഡോത്ത് വീട്ടിൽ ഷാജി (40) ഒളിവിലാണ്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവമെങ്കിലും വെള്ളിയാഴ്ചയാണ് പൊലീസിൽ പരാതി ലഭിച്ചത്. മകൾ സൈക്കിൾ ആവശ്യപ്പെട്ടതോടെ ഷാജി ക്ഷുഭിതനായി. ഭാര്യയും മകളുടെ പക്ഷം പിടിതോടെയാണ് അക്രമാസക്തനായത്. തുടർന്ന് ഭാര്യയെ മർദ്ദിക്കുകയും ചെവി കടിച്ചുമുറിക്കുകയുമായിരുന്നു. പിന്നീട് പത്തിരി ഉണ്ടാക്കാനായി സ്റ്റൗവിൽ വച്ചിരുന്ന തിളച്ച വെള്ളം മകളുടെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭാര്യയുടെയും മകളുടെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രണ്ട് പേരെയും ആശുപത്രിൽ എത്തിച്ചത്. പൊളളൽ സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു,

ബിസിനസുകാരനായ ഷാജിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുകയുള്ളുവെന്ന് താമരശേരി സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ്. ഐ വി. എസ് സനൂജ് പറഞ്ഞു. ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിയിൽ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.