rahana-habeeb

തിരുവനന്തപുരം: പത്ത് വർഷം സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന തിരുവനന്തപുരം വഴുതയ്‌ക്കാട് സ്വദേശി രഹാന ഹബീബ് അതുപേക്ഷിച്ച് ക്യാമറയുമായി കാടു കയറിയപ്പോൾ നാടിന് കിട്ടിയത് ആയിരത്തിലധികം വന്യജീവികളുടെ അപൂർവ നിമിഷങ്ങൾ. പത്തുവർഷത്തെ വനയാത്രകളിൽ ആ ക്യാമറയ്ക്കുമുന്നിൽ വന്നുപെട്ടത് വംശനാശം സംഭവിക്കുന്ന 25 വനജീവികളാണ്.

പറമ്പിക്കുളത്തും വയനാട്ടിലും 20 കിലോമീറ്ററോളം ഉൾക്കാടുകളിലേക്ക് കയറിപ്പോയാണ് ചിത്രങ്ങൾ പകർത്തിയത്. ബോണക്കാട് പാണ്ടിപ്പത്തിൽ ആനകളുടെയും കാട്ടുപോത്തുകളുടേയും ചിത്രങ്ങളെടുക്കാൻ മലകയറവേയുണ്ടായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും രഹാനയ്ക്ക് ഞെട്ടിപ്പിക്കുന്ന ഓർമ്മയാണ്. ശരീരമാസകലം കുളയട്ട കടിച്ച് രക്തം വാർന്നു. ഒരു മാസത്തോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ക്യാമറയും കേടായി.

മറ്റു സംസ്ഥാനങ്ങളിൽ പത്തു ദിവസത്തോളം വിവിധ കാടുകളിൽ തങ്ങിയ സന്ദർഭങ്ങളുണ്ട്. ആദ്യമൊക്കെ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര. ഇപ്പോൾ ഒറ്റയ്‌ക്കാണ്. രണ്ട് പെയിന്റിംഗ് പ്രദർശനവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. രഹാനയുടെ വനയാത്രകൾ താമസിയാതെ പുസ്‌തകമായി പുറത്തിറങ്ങും.

`വംശനാശം സംഭവിക്കുന്ന ജീവികളുടെ ചിത്രം പകർത്തുകയും അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്തോനേഷ്യ അടക്കമുളള രാജ്യങ്ങളിലേക്ക് വനയാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ്.' രഹാന ഹബീബ് പറയുന്നു.

അമൂല്യ ചിത്രങ്ങൾ

ഏറ്റവും അമൂല്യമായ ചിത്രം ഹിമാലയത്തിന്റെ ഉയർന്ന ഭാഗത്ത് നിന്നു പകർത്തിയ വംശനാശം സംഭവിക്കുന്ന ഹിമപുലിയുടേതാണെന്ന് രഹാന പറയുന്നു. 2018ലും 2019ലും 15 ദിവസം കാത്തിരുന്നായിരുന്നു ചിത്രമെടുത്തത്. ഇന്ത്യയിലെ ഏക ആൾകുരങ്ങായ ഹൂലൂക് ഗിബൺ,ചെങ്കഴുത്താൻ വേഴാമ്പൽ,ഗുജറാത്തിലെ ലിറ്റിൽ റാൻ ഓഫ് കച്ചിലെ കഴുതകൾ,വൈൽഡ് വാട്ടർ ബഫല്ലോ,വിവിധ ഇനം മാനുകൾ എന്നിവയുടെ ചിത്രങ്ങളും അമൂല്യ ശേഖരത്തിൽപ്പെടുന്നു.

ശിവൻസിലെ ഫോട്ടോഗ്രാഫർ

സൗദിയിൽ നിന്ന് 2007ലാണ് രഹാന മടങ്ങിയെത്തുന്നത്. ബിസിനസ് തുടങ്ങാനായിരുന്നു ആഗ്രഹം. ഇത് നടക്കാതെ പോയതോടെ പെൻസിൽ സ്‌കെച്ചിലും പെയിന്റിംഗിലും താത്പര്യമുള്ളതിനാൽ ആർട്ടിസ്റ്റ് ബി.ഡി ദത്തന്റെയടുത്ത് പെയിന്റിംഗ് പഠിക്കാൻ ചേർന്നു. പിന്നാലെ റിയലിസ്റ്റിക് ഫോട്ടോഗ്രാഫിയോട് ഇഷ്‌ടംകൂടി ശിവൻസിൽ ഫോട്ടോഗ്രാഫർ ശിവന്റെ ശിഷ്യയായി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ സംഘടിപ്പിച്ച വർക്‌ഷോപ്പുകളിൽ പങ്കെടുത്തതും വഴിത്തിരിവായി.