
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.
ഗൂഢാലോചന സംബന്ധിച്ചുള്ള ചില നിർണായക വിവരങ്ങളും മഞ്ജു വാര്യരുടെ മൊഴിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളും നടിയോട് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
ശബ്ദരേഖകളിൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതിച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ആവർത്തിച്ചിരുന്നു.
ഫെബ്രുവരി എട്ടിനാണ് ദിലീപ്, സുരാജ്, അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ഇതിന്റെ ഫലം അടുത്തയാഴ്ചയേ അന്വേഷണസംഘത്തിന് ലഭിക്കൂ. ഇതിന് പുറമെയാണ് മഞ്ജുവിനെ ശബ്ദരേഖകൾ കേൾപ്പിച്ച് ആധികാരികത ഉറപ്പിച്ചത്.
പതിനഞ്ച് വർഷത്തോളം മഞ്ജു വാര്യരും ദിലീപും ഒന്നിച്ച് ജീവിച്ചതാണ്. അതിനാൽത്തന്നെ നടന്റെ കുടുംബത്തിലെ ആളുകളുടെ ശബ്ദം എളുപ്പത്തിൽ തിരിച്ചറിയാൻ നടിക്ക് കഴിയും. ഇത് കേസിന് ബലം നൽകുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. സമാന രീതിയിൽ ദിലീപിന്റെ സുഹൃത്തുക്കളെ ശബ്ദ സാമ്പിളുകൾ കേൾപ്പിച്ചിരുന്നു. അതേസമയം കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ ഉദ്യോഗസ്ഥർ നാളെ ചോദ്യം ചെയ്യും.