imran-khan-

ഇസ്ലാമാബാദ് : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ നാടകങ്ങൾ ഒന്നിന് പുറകേ ഒന്നായി അരങ്ങേറിയ പാകിസ്ഥാനിൽ ഒടുവിൽ തലകുനിച്ച് ഇമ്രാൻ ഖാൻ പടിയിറങ്ങിയിരിക്കുകയാണ്. പാർലമെന്റിൽ വിശ്വാസവോട്ട് നഷ്ടപ്പെട്ട് അധികാരത്തിൽ നിന്നും പുറത്തായ ഇമ്രാൻ ഇനി എന്ത് ചെയ്യും എന്ന കാത്തിരിപ്പിലാണ് ലോകം. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പുറത്തായ ഇമ്രാൻ 'വിദേശ ഗൂഢാലോചന'യുണ്ടെന്ന ആരോപണം ഉയർത്തിയാണ് പടിയിറങ്ങിയത്. ഈ ആരോപണം പാക് അന്തരീക്ഷത്തിൽ ഏറെ നാൾ നിലനിൽക്കുമെന്ന് ഉറപ്പാണ്.

ഇനി സംഭവിക്കുന്നത്

തത്ക്കാലം ഇമ്രാൻ തല പിന്നിലേക്ക് വലിച്ചെങ്കിലും മുഴുവനായി തോറ്റ് കൊടുക്കാൻ തയ്യാറായിട്ടില്ല. ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ പ്രതിപക്ഷ നേതാവും പാകിസ്ഥാൻ മുസ്ലീം ലീഗ് എൻ (പിഎംഎൽഎൻ) പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യത കൽപ്പിക്കുന്നത്. ഇന്ന് ഇതിനായുള്ള നാമനിർദ്ദേശ പത്രിക അദ്ദേഹം സമർപ്പിക്കും. തിങ്കളാഴ്ച പാക് നാഷണൽ അസംബ്ളി ചേർന്ന് തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തും. എന്നാൽ രാജ്യത്ത് കലാപം നടത്തി ഇമ്രാൻ ഈ ശ്രമങ്ങളെ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്.

അധികാരം നഷ്ടമായതിൽ ഗൂഢാലോചന ഉന്നയിച്ച് ഇന്ന് പിടിഐ പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 'ഇറക്കുമതി ചെയ്ത സർക്കാരിനെ' അംഗീകരിക്കില്ലെന്നും തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്ത് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നതും ശ്രദ്ധേയമാണ്. അവസാന നിമിഷവും അട്ടിമറി നീക്കങ്ങൾ നടത്താൻ മടിക്കാത്തയാളാണ് ഇമ്രാൻ. ജനത്തെ തെരുവിലിറക്കാൻ ശ്രമിക്കുന്നതിനൊപ്പം കോടതിയിലും ഭാഗ്യം പരീക്ഷിക്കാൻ ഇമ്രാൻ ശ്രമം നടത്തുന്നുണ്ട്. പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ശക്തിയുടെ പങ്കാളിത്തമുണ്ടെന്ന പരാതി നാളെ ഇസ്ലാമാബാദ് ഹൈക്കോടതി പരിഗണിച്ച് വാദം കേൾക്കും. ഇവിടെ നിർണായകമായ തെളിവുകൾ ഇമ്രാൻ ഹാജരാക്കിയാൽ ചിത്രം മാറിയേക്കാം.

എന്നാൽ സൈന്യത്തെയുൾപ്പടെ എതിർ ചേരിയിലാക്കിയ ഇമ്രാൻ ശിഷ്ടകാലം ജയിലിൽ കഴിയാനുള്ള സാദ്ധ്യതയും ഉണ്ട്. പുതിയ സർക്കാരിന് മുന്നിൽ തലവേദനയായി ഇമ്രാൻ നിൽക്കാതിരിക്കാൻ ഈ വഴിയും പ്രയോഗിച്ചേക്കാം. പാകിസ്ഥാനിൽ നിലവിലെ പാർലമെന്റിന്റെ കാലാവധി അവസാനിക്കുന്നത് 2023 ഓഗസ്റ്റിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ചില നിയമനിർമ്മാണത്തിന് പുതിയ സർക്കാർ മുതിർന്നേക്കും. ഇമ്രാനെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ഉദ്ദേശവും ഇതിനുണ്ടാവും.

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുമെന്ന് ഉറപ്പായിട്ടും ഇന്നു വെളുപ്പിന് വരെ അതിനെ അഭിമുഖീകരിക്കാതെ ഒളിച്ചുകളിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പട്ടാളത്തിന്റെ കാവലിലാണ് പാർലമെന്റ് അവിശ്വാസ പ്രമേയം പാസാക്കിയത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്താതെ നാലുവട്ടം സഭ നിറുത്തിവച്ച സ്പീക്കർ അസദ് ഖയ്സറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും രാജിവച്ചു. ഇതിനു പിന്നലെയാണ് വോട്ടെടുപ്പ് നടന്നത്. സഭാംഗമായ അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നൽകി വോട്ടെടുപ്പ് നടത്തുകയായിരുന്നു.