
തൃശൂർ: തൃശൂരിൽ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അനീഷ് ഇരുവരെയും കൊലപ്പെടുത്തിയത്. പ്രതി ഒളിവിലാണ്.
അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ' ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്.
ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. '- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.