
റായ്പൂർ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കൈവിടാതിരിക്കാൻ ബിജെപിക്കെതിരെ കരുക്കൾ നീക്കി ഛത്തീസ്‌ഗഡ് കോൺഗ്രസ്. ഹിന്ദുത്വ പാതയിലൂടെ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. അതിന്റെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ ഇത്തവണ രാമനവമി ദിനവും വിപുലമായി ആചരിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തെയും തെക്ക് ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തീർത്ഥാടന പദ്ധതിയായ 'റാം വൻ ഗമൻ' ടൂറിസം സർക്ക്യൂട്ട് തിരഞ്ഞെടുപ്പന് മുന്നേ സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ശ്രീരാമൻ തന്റെ 14 വർഷത്തെ വനവാസത്തിനിടയിൽ സഞ്ചരിച്ച വന പാതയിലെ ഒമ്പത് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ വികസിപ്പിക്കുകയും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പദ്ധതിയാണ് 'റാം വൻ ഗമൻ' ടൂറിസം സർക്ക്യൂട്ട്.
ഇതുമായി ബന്ധപ്പെട്ട് നവീകരിച്ച ശിവ്നാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാമനവമി ദിവസമായ ഇന്ന് (ഏപ്രിൽ 10) മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നിർവഹിക്കും. ശ്രീരാമൻ 14 വർഷത്തെ വനവാസകാലത്ത് താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് ശിവനാരായണ ക്ഷേത്രം.

അയോധ്യയുടെ മാതൃകയിൽ ശിവ്നാരായണ ക്ഷേത്രത്തെ വികസിപ്പിക്കാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. രാമായണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മഹത്തായ ഒരു ഭൂതകാലമുണ്ട്. 'റാം വൻ ഗമൻ' സർക്ക്യൂട്ടിന്റെ കീഴിൽ സംസ്ഥാന സർക്കാർ ഒമ്പത് സ്ഥലങ്ങളാണ് വികസിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി മതരാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെ സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്.
'റാം വൻ ഗമൻ' സർക്ക്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ശിവ്നാരായണ ക്ഷേത്രത്തിൽ രാമായണ പാരായണ മത്സരവും നടത്തുന്നുണ്ട്. സംസ്ഥാനത്തെ 25 ജില്ലകളിൽ നിന്നുള്ള ഏകദേശം 350 ഓളം പേരാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.