
ദശാബ്ദങ്ങളായി മരുഭൂമികളിലൂടെയും മലനിരകളിലൂടെയും കുന്നും മലയും കയറി ഇറങ്ങി സൈനികരെയും വഹിച്ച് രാജ്യത്തെ സേവിച്ച മാരുതി സുസുക്കി ജിപ്സിയെ പൂർണമായും ഒഴിവാക്കും . ഉദ്ദേശം 35000 മാരുതി ജിപ്സിയാണ് ഇന്ത്യൻ സൈന്യത്തിനുള്ളത്. ഇവയെ മാറ്റി പകരം മറ്റൊരു വാഹനം കണ്ടെത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച ടെൻഡർ അടുത്ത മാസങ്ങളിൽ പുറപ്പെടുവിക്കും. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ആണ് ഇത് സംബന്ധിച്ച സൈന്യത്തിന്റെ ആവശ്യം അംഗീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കും.
ലൈറ്റ് വെഹിക്കിൾ വിഭാഗത്തിലുള്ള വാഹനമാണ് സൈന്യം മാരുതി ജിപ്സികൾ പകരമായി തേടുന്നത്. നിലവിൽ ഇത്തരത്തിലുള്ള 4,964 വാഹനങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇവയുടെ എണ്ണം വർദ്ധിപ്പിക്കും. ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന, സമതലങ്ങളിലും മരുഭൂമികളിലും പർവതങ്ങളിലും ഒരുപോലെ ഓടിക്കാനാവുന്ന വാഹനമാണ് സൈന്യം തേടുന്നത്. ക്വിക്ക് റിയാക്ഷൻ ടീമുകളുടെ ഓപ്പറേഷനുകളിൽ സഹായകരമാകുന്ന വാഹനങ്ങളെയും പരിഗണിക്കുന്നുണ്ട്. ഓപ്പൺ ടെൻഡർ വിളിച്ച് വാഹന നിർമ്മാതാക്കളെ ക്ഷണിക്കാനാണ് തീരുമാനം.
മാരുതി സുസുക്കി ജിപ്സി വാണിജ്യ ഉത്പാദനം നിർത്തിയെങ്കിലും സൈന്യത്തിന് ലഭ്യമാക്കിയിരുന്നു. ജിപ്സി പൂർണമായും അരങ്ങൊഴിയുമ്പോൾ സൈന്യത്തിൽ ചേരും എന്ന് കരുതുന്നത് കരുത്തരായ അഞ്ച് എസ് യു വികളാണ്. ഇവയിൽ ആർക്കാണ് സൈന്യത്തിൽ ചേർന്ന് രാജ്യസേവനം നടത്താൻ ഭാഗ്യം ലഭിക്കുന്നതെന്ന് കണ്ടറിയാം. ജിപ്സിക്ക് പകരക്കാരനായി വരുന്ന മോഡലുകളെ അറിയാം
മഹീന്ദ്ര ഥാർ
സൈന്യത്തിൽ ഉപയോഗത്തിലുള്ള ജിപ്സിയെക്കാളും കരുത്തുറ്റ വാഹനമാണ് മഹീന്ദ്രയുടെ അഭിമാനമായ ഥാർ. ഏത് പ്രതലത്തിലും രാജാവിനെ പോലെ മുന്നേറാനുള്ള കരുത്താണ് ഥാറിനെ വ്യത്യസ്തനാക്കുന്നത്.
ജിപ്സിയെ അപേക്ഷിച്ച് മഹീന്ദ്ര ഥാറിന് കൂടുതൽ ആധുനിക സൗകര്യങ്ങളുമുണ്ട്. ഇത് കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ലഭിക്കുന്ന ഥാർ ജിപ്സിക്ക് പകരം വയ്ക്കാവുന്ന മികച്ച പോരാളിയാണ്.
ഗൂർഖ
1990കളിൽ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന വാഹനങ്ങളാണ് ഗൂർഖ. യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യങ്ങളും നൽകുന്ന ഗൂർഖ ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നവയാണ്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, തുടങ്ങിയ അധിക സുരക്ഷാ ഫീച്ചറുകളും ഇതിനുണ്ട്. ഓൺറോഡ് പ്രകടനത്തിന് മുൻഗണന നൽകാത്ത സൈനിക ആവശ്യങ്ങൾക്ക് ഗൂർഖ മുന്നിൽ തന്നെയുണ്ടാകും എന്ന് ഉറപ്പാണ്.
ജീപ്പ് കോമ്പസ്
കരുത്തിലും ഭംഗിയിലും ഒന്നാം സ്ഥാനം നൽകാൻ ജീപ്പിനാവും. എന്നാൽ ഭാരിച്ച വില ജീപ്പ് കോമ്പസിന് തിരിച്ചടിയാണ്. സുഖപ്രദമായ ഇന്റീരിയർ, സുഗമമായ യാത്ര, പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന എഞ്ചിൻ എന്നിവ പ്രത്യേകതയാണ്. അണ്ടർബോഡി പ്രൊട്ടക്ഷൻ പ്ലേറ്റുകൾ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ എന്നിവയെല്ലാം കോമ്പസ് ട്രെയിൽഹോക്കിന്റെ സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നറുക്ക് വീണാൽ പരുക്കൻ പ്രതലങ്ങളിലും പരമ്പരാഗത റോഡുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ആഡംബരപൂർണമായ, സൈനിക എസ്യുവിയായിരിക്കും ഇത്.
ജിപ്സിയുടെ കുടുംബത്തിലെ ജിംനി
അരങ്ങൊഴിയുന്ന ജിപ്സിയുടെ കുടുംബത്തിൽ നിന്നും വരുന്ന ജിംനിയും സൈന്യത്തിൽ ചേരാൻ എന്ത് കൊണ്ടും അർഹനാണ്. 2023ൽ തന്നെ ഈ ഫോർഡോർ വേരിയന്റ് ഇന്ത്യയിൽ എത്തുമെന്നാണ് കരുതുന്നത്. ഇന്ധന ക്ഷമതയുള്ളതും എന്നാൽ ശക്തവുമായ മൈൽഡ് ഹൈബ്രിഡ് 1.5ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്, കൂടാതെ ഇത് പഴയ ജിപ്സിയെക്കാൾ സുരക്ഷിതമായിരിക്കും. കരുത്തുറ്റതും ആധുനികവുമായ ജിംനിക്ക്, ജിപ്സിയുടെ പിൻഗാമിയാവാൻ എല്ലാ അവകാശവുമുണ്ട്.
മഹീന്ദ്ര ബൊലേറോ നിയോ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് സേനയിൽ ബൊലേറോ ജിപ്സിക്ക് പകരക്കാരനായി അവതരിച്ചു. സൈന്യത്തിലും ഇതിന് സാദ്ധ്യതകളേറെയുണ്ട്. ബൊലേറോയുടെ 1.5ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ബൊലേറോ നിയോ വരുന്നത്.