അസം സ്വദേശിയായ പ്രമോഷിന് മലയാളം സംസാരിക്കാൻ അറിയില്ല. പക്ഷേ മലയാളം പാട്ട് അതിന്റെ തനിമ ചോരാതെ അടിപൊളിയായി പ്രമോഷ് ആലപിക്കും. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ ശരവണ ഹോട്ടലിലെ ചൈനീസ് ഷെഫ് ആണ് പ്രമോഷ്.
ഇപ്പോൾ വിഭവങ്ങൾ ഒരുക്കുന്നതിനൊപ്പം പാട്ട് പാടുന്നതിന്റെയും തിരക്കിലാണ് ഈ ഷെഫ്. സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തലിൽ ശ്രീരാഗമോ എന്ന മലയാളം പാട്ടുപാടിയാണ് അസം വെസ്റ്റ് കർബി സ്വദേശിയായ പ്രമോഷ് താരമായത്.
ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പണിമുടക്ക് ദിനത്തിൽ, സമരപ്പന്തലിലെ മുദ്രാവാക്യങ്ങൾക്കിടയിൽ ആളുകൾ പാടുന്നത് പ്രമോഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു കണ്ടിട്ടാണ് പാട്ടുപാടാൻ തനിക്കം അവസരം നൽകണമെന്നും മലയാളം പാട്ടുപാടുമെന്നും പറഞ്ഞ് പ്രമോഷ് സമരപ്പന്തലിലെത്തിയത്.
വീഡിയോ വൈറലായതോടെ വേദികളിൽ പാടാൻ പ്രമോഷിന് അവസരം ലഭിച്ചു. കെ ജെ യേശുദാസാണ് പ്രമോഷിന്റെ ഇഷ്ട ഗായകൻ. മലയാളം പാട്ടുകൾ മൊബൈൽ ഫോണിൽ കേട്ടാണ് പഠിച്ചത്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി പാട്ടുകളും പ്രമോഷ് പാടാറുണ്ട്.
