
ഭുവനേശ്വർ: ഉപേക്ഷിക്കപ്പെട്ട പഴയൊരു ഇരുമ്പുപാലം മോഷ്‌ടാക്കൾ കഷ്‌ണങ്ങളായി മുറിച്ചുകടത്തി. മോഷണത്തിന് സ്വീകരിച്ച മാർഗം അറിഞ്ഞ് നാട്ടുകാരും പൊലീസും ഒരുപോലെ അമ്പരന്നു. ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെ അമിയാവാർ ഗ്രാമത്തിലാണ് സംഭവം. 60 അടി നീളമുളള പഴയ ഇരുമ്പ് പാലം പൊളിക്കാൻ പോകുകയാണെന്ന് മോഷ്‌ടാക്കൾ നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇറിഗേഷൻ വകുപ്പ് ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് സ്ഥലത്തെത്തിയ ഇവർ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചും മണ്ണുമാന്തികൾ ഉപയോഗിച്ചുമാണ് പാലം പൊളിച്ചത്. പാലത്തിന്റെ മുറിച്ച ഭാഗങ്ങൾ ഇതിനകം ആക്രി എന്ന പേരിൽ ഇവർ വിറ്റിട്ടുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
മുപ്പത് വർഷം മുൻപ് കനാലിന് മുകളിൽ നിർമ്മിച്ചതായിരുന്നു ഇരുമ്പ് പാലം. പൊളിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരോട് സർക്കാർ പൊളിച്ചുകളയാൻ തീരുമാനിച്ചതായി ഇവർ വിശ്വസിപ്പിച്ചു. മുൻപ് ഈ പാലം പൊളിച്ചുകളയണമെന്ന് നാട്ടുകാർ സർക്കാരിനോട് പരാതിപ്പെട്ടിരുന്നു. ഗ്യാസ് കട്ടർ ഉൾപ്പടെ സാധനങ്ങളുമായി വന്ന ആളുകൾ രണ്ട് ദിവസമെടുത്താണ് പാലം പൊളിച്ചതെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. പണി ചെയ്‌തവരോട് ചോദിച്ചപ്പോൾ ഇറിഗേഷൻ വകുപ്പ് കരാർ തൊഴിലിന് എടുത്തവരാണെന്നാണ് ഇവർ പറഞ്ഞത്. കളളന്മാരിൽ ചിലരെ തിരിച്ചറിഞ്ഞതായും ഉടൻ ഇവർ അറസ്‌റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.