
1971ലെ ഇന്ത്യ പാക് യുദ്ധത്തിലടക്കം ഇന്ത്യൻ വീര്യത്തിന്റെ കരുത്ത് പ്രകടമായ സ്ഥലമാണ് ഗുജറാത്തിലെ നാദാബെറ്റ്. ബി എസ് എഫിന്റെ സമ്പൂർണ സുരക്ഷവലയത്തിലുള്ള ഇവിടം ഇപ്പോൾ ടൂറിസം സ്‌പോട്ടാക്കിയിരിക്കുകയാണ് ഇന്ത്യ. പഞ്ചാബിലെ വാഗ അതിർത്തിയിലേതിന് സമാനമായിട്ടാണ് നാദാബെറ്റിലും സന്ദർശകർക്കായി കാഴ്ചകൾ ഒരുക്കുന്നത്. സേനയുടെ വീര്യം ശരിക്കും ആസ്വദിക്കാൻ ടൂറിസ്റ്റുകൾക്കാകും. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ നാദാബെറ്റിൽ സീമ ദർശൻ പദ്ധതിക്ക് കീഴിലാണ് പുതിയ സംവിധാനം ഒരുങ്ങിയത്. ഇന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായാണ് അതിർത്തി വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംസ്ഥാന ടൂറിസം മന്ത്രി പൂർണേഷ് മോദിയും ചടങ്ങിൽ പങ്കെടുത്തു.
Fearless and dauntless, they stand on the frontiers as we rest in deep slumber. Nadabet gives us a peek into the thrill of a jawan's life. Come and witness this journey on 10th April pic.twitter.com/nFWqjh5yeB
— Gujarat Tourism (@GujaratTourism) April 9, 2022
ഗുജറാത്ത് ടൂറിസം വകുപ്പ് 125 കോടി ചെലവിട്ടാണ് ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലുള്ള നദബെത്ത് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നത്. ബിഎസ്എഫ് സൈനികരുടെ പതിവ് പരേഡാണ് മുഖ്യ ആകർഷണം. ഇന്ത്യൻ ആർമിയും ബിഎസ്എഫും ഉപയോഗിക്കുന്ന ഭൂതലഉപരിതല മിസൈലുകൾ, ടി55 ടാങ്കുകൾ, പീരങ്കി, ടോർപ്പിഡോകൾ, വിംഗ് ഡ്രോപ്പ് ടാങ്കുകൾ, മിഗ്27 വിമാനങ്ങൾ എന്നിവയും സഞ്ചാരികൾക്ക് കാണാനാവും. ഇതിന് പുറമേ അതിർത്തി രക്ഷാസേനയുടെ വിവിധ പ്രവർത്തനങ്ങൾ, യുദ്ധങ്ങളിൽ വഹിച്ച പങ്ക് എന്നിവ വ്യക്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംരംഭമാണ് നാദാബെറ്റിലൊരുങ്ങുന്നത്. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിനൽകിയ ധീരരായ സൈനികരുടെ ബഹുമാനാർത്ഥം നിർമ്മിച്ച 'അജയ് പ്രഹാരി' എന്ന സ്മാരകവും ഇവിടെയുണ്ട്. ഇന്ത്യയുടെ ദേശീയ പതാക 40 അടി ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. നാദബെറ്റിലെ മ്യൂസിയത്തിൽ വിജ്ഞാനപ്രദമായ നിരവധി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്.
ശത്രുരാജ്യത്ത് നിന്നുള്ള ഭീഷണി കുറഞ്ഞതോടെ സീമ ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വാഗയിലേത് പോലെ ഇവിടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികർ തമ്മിൽ സൈനികാഭ്യാസം ഉണ്ടാവുകയില്ല. ദൂരദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള മ്യൂസിയവും ലേസർ ഷോയും ഉടൻ ആരംഭിക്കും. മനോഹരമായ സൂര്യാസ്തമയം കാണാൻ ഒരു വാച്ച് ടവറും ഇവിടെ ഉണ്ട്