imran-khan-

ഇസ്ലാമാബാദ് : അവിശ്വാസ പ്രമേയ ചർച്ച വിവിധ കാരണങ്ങളാൽ വൈകിച്ച് രാത്രിയിലേക്ക് എത്തിച്ചപ്പോഴും അവസാനം എന്തെങ്കിലും ഇമ്രാൻ കാത്തുവച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എതിരാളികൾ. എന്നാൽ അപ്രതീക്ഷിതമായി തോൽവി സമ്മതിച്ച് ഇമ്രാൻ പടിയിറങ്ങുകയായിരുന്നു. പട്ടാള അട്ടിമറി വരെ പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാനിൽ ഭരണപ്രതിസന്ധിക്ക് താത്കാലിക അയവ് ഇതോടെ ഉണ്ടായി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അവസാന വെടിയുതിർക്കാൻ കാത്തുനിന്ന ഇമ്രാനെ നിരായുധമാക്കിയ ഒരു ഓപ്പറേഷൻ ഇരുളിന്റെ മറവിൽ പാകിസ്ഥാനിൽ നടന്നു എന്നാണ്.

അവസാന ആണി ആർമി ചീഫ്

പാക് പട്ടാളം അവസാന വാക്കായ പാകിസ്ഥാനിൽ ഭരണം തുടരാൻ ഇമ്രാൻ ഒരു പ്ലാൻ ബി തയ്യാറാക്കിയിരുന്നു. പാക് ആർമി ചീഫായിരുന്ന ജനറൽ ഖമർ ജാവേദ് ബജ്വയെ മാറ്റി തന്നോട് അനുഭാവമുള്ള മറ്റൊരാളെ തത്സ്ഥാനത്തിരുത്താനായിരുന്നു ഇമ്രാന്റെ പ്ലാൻ. പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനുള്ള വിദേശ സഹായം ലഭിച്ചു എന്ന തന്റെ ആരോപണത്തിന് കുട പിടിക്കുന്ന ഒരാളെയാണ് ഇമ്രാൻ ഇതിനായി നോട്ടമിട്ടത്. എന്നാൽ അവസാന നിമിഷം പാക് പ്രധാനമന്ത്രിയുടെ പദ്ധതി പാളുകയായിരുന്നു.

ബിബിസി ഉറുദു നൽകുന്ന റിപ്പോർട്ട് അനുസരിച്ച് രാത്രിയിൽ 'ക്ഷണിക്കാത്ത രണ്ട് അതിഥികളു'മായി ഒരു ഹെലികോപ്ടർ പ്രധാനമന്ത്രിയുടെ വീട്ടിൽ വന്നിറങ്ങിയെന്നു. കനത്ത സൈനിക അകമ്പടിയോടെ ഇരുവരും വസതിക്കുള്ളിലേക്ക് പോയി ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ്. നാൽപ്പത്തിയഞ്ച് മിനിട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ച സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നില്ല. കാരണം ഹെലികോപ്ടറിൽ വന്നിറങ്ങിയത് ഇമ്രാൻ നീക്കണമെന്ന് ആഗ്രഹിച്ച കരസേനാ മേധാവി ജനറൽ ബജ്വയും ഐഎസ്‌ഐ തലവൻ ലഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അൻജുമായിരുന്നു. ഒരു മണിക്കൂർ മുമ്പ് പുറത്താക്കാൻ ഉത്തരവിട്ട ബജ്വ നേരിട്ട് മുന്നിൽ വരുമെന്ന് ഇമ്രാൻ പ്രതീക്ഷിച്ചിരുന്നില്ല. പുതിയ സൈനിക നിയമനത്തിന് ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ധൈര്യം പ്രതിരോധ മന്ത്രാലയം കാട്ടാതിരുന്നതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.

ഇമ്രാന് ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സേനയിലെ കരുത്തർ നേരിട്ട് വന്നതെന്ന് കരുതുന്നു. പദ്ധതി പാളിയതോടെ ശിഷ്ട ജീവിതം തടങ്കലിൽ കഴിയേണ്ടി വരും എന്ന് ബോദ്ധ്യമായതോടെ അധികാരം വിട്ടൊഴിയാൻ തയ്യാറാവുകയായിരുന്നു. പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഔദ്യോഗികമായി വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം ജനറൽ ബജ്വയെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ അദ്നാൻ ഇഖ്ബാൽ ഒരു ഹർജി തയ്യാറാക്കിയതായും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.