insta

കൗമാരക്കാരും ചെറുപ്പക്കാരും ഉണരുന്നതും പരസ്‌പരം സംവദിക്കുന്നതുമെല്ലാം ഇപ്പോൾ മെറ്റയുടെ ഇൻസ്‌റ്റഗ്രാം ആപ്പ് വഴിയാണ്. 80 ശതമാനം ചെറുപ്പക്കാരും ഇഷ്‌ടപ്പെടുന്ന ഇൻസ്‌റ്റയിൽ ഏഴ് പുത്തൻ മെസേജിംഗ് ഫീച്ചറുകൾ ഉടൻ നിലവിൽ വരും. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ആദ്യം ഈ ഫീച്ചറുകളുണ്ടാകുക.

ഇൻസ്‌റ്റയിൽ ബ്രൗസ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ പുതിയൊരു മെസേജ് വന്നാൽ ഇനി ഇൻബോക്‌സിൽ പോകാതെ‌തന്നെ മറുപടി നൽകാം. മറുപടി അയച്ചാൽ പഴയതുപോലെ ബ്രൗസിംഗ് തുടരാം. കൂട്ടുകാരുമായി ഷെയർ ചെയ്യാൻ തോന്നുന്ന ചിത്രമോ വീഡിയോയോ അതിൽ ടാപ് ചെയ്‌താലുടൻ അയക്കാനുള‌ള ഫീച്ചർ പുതുതായി വരുന്നുണ്ട്. ഇതുവഴി ഇൻസ്‌റ്റഗ്രാമിൽ മുൻപ് ബ്രൗസ് ചെയ്‌തിരുന്നത് തുടരാനും സാധിക്കും.

ഇൻസ്‌റ്റഗ്രാം ഇൻബോക്‌സിന്റെ മുകളിൽ ചാറ്റിന് ആരെല്ലാം ഓൺലൈനിൽ ലഭ്യമാണെന്നതിന്റെ സൂചന ലഭിക്കും. അതുപോലെ ഇഷ്‌ടപ്പെട്ട പാട്ടുകളുടെ 30 സെക്കന്റ് നീളുന്ന പ്രിവ്യു ഇഷ്‌ടപ്പെട്ടവർക്ക് ഷെയർ ചെയ്യാൻ ഇനിമുതൽ സാധിക്കും.

സുഹൃത്തുക്കളെ അറിയിക്കാതെ അവർക്ക് സന്ദേശങ്ങൾ അയക്കാനുള‌ള സൈലന്റ് മെസേജ് സംവിധാനം വൈകാതെ ഇൻസ്‌റ്റഗ്രാമിൽ നടപ്പാക്കും. രാത്രി സമയത്തോ, മെസേജ് വായിക്കേണ്ടയാൾ തിരക്കിലിരിക്കുന്ന സമയത്തോ മെസേജ് നോട്ടിഫിക്കേഷൻ വരാതെ അയക്കാൻ @silent എന്ന് ടൈപ്പ് ചെയ്‌ത് മെസേജ് അയച്ചാൽ മതി. സുഹൃത്തുക്കളിൽ ചിലരുമായി ചാറ്റുകൾ കൂടുതൽ വ്യക്തിപരമായി തോന്നുന്നുണ്ടെങ്കിൽ ഇവയ്‌ക്ക് പ്രത്യേക തീം നൽകാം. സുഹൃത്തുക്കളുമൊത്തുള‌ള ഗ്രൂപ്പ് ചാറ്റിൽ പോൾ കൊണ്ടുവരാൻ ഇൻസ്‌റ്റഗ്രാം തീരുമാനിച്ചു. ഈ പുത്തൻ ഫീച്ചറുകൾ ഇൻസ്‌റ്റഗ്രാമിനെ കൂടുതൽ പ്രിയങ്കരമാക്കും.