mayawati-rahul-gandhi

ന്യൂഡൽഹി: തന്നെയും തന്റെ പാർട്ടിയെയും പറ്റി വിമർശിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തക്ക മറുപടിയുമായി ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നതിന് മുമ്പ് ആദ്യം സ്വന്തം പാർട്ടിയെ നല്ല രീതിക്ക് കൊണ്ടു പോകണമെന്നാണ് പത്രസമ്മേളനത്തിൽ മായാവതി പ്രതികരിച്ചത്. വർഷങ്ങൾക്ക് മുമ്പ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും അതു തന്നെയാണ് ആവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.

ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാമെന്നും പാർട്ടി അദ്ധ്യക്ഷയായ മായാവതിയെ മുഖ്യമന്ത്രിയാക്കാമെന്നും താൻ പറഞ്ഞിരുന്നു. എന്നാൽ മായാവതി അക്കാര്യത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായില്ല. സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെ ഭയന്ന് ബിജെപിക്ക് സംസ്ഥാനത്ത് വിജയിക്കാനുള്ള വഴി നൽകിയെന്നുമാണ് രാഹുൽ ആരോപിച്ചത്.

ഈ അവകാശവാദങ്ങളെയെല്ലാം മായാവതി തള്ളി. ഇതിൽ സത്യമൊന്നുമില്ല. ഇത് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇത്തരത്തിൽ രാജീവ് ഗാന്ധിയും തന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും അതേ പാത പിന്തുടരുകയാണ്. ബിജെപിയുടെ കേന്ദ്ര ഏജൻസികളെ താൻ ഭയപ്പെടുന്നുവെന്ന വ്യാജ ആരോപണങ്ങളിൽ യാതൊരു സത്യവുമില്ലെന്നാണ് മായാവതി ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞത്.

മറ്റൊരു പാർട്ടിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് രാഹുൽ സ്വന്തം പാർട്ടിയെ വിലയിരുത്തണം. അതിനുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസിന്റെ പ്രകടനം എന്തായിരുന്നുവെന്നാണ് രാഹുൽ പരിശോധിക്കേണ്ടത്, അതിനു ശേഷം ബിഎസ്പിയെക്കുറിച്ച് സംസാരിക്കണം. യുപി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു അവലോകനം നടത്തണമെന്നും അവർ പറഞ്ഞു. 2007 മുതൽ 2012 വരെ താൻ യുപി ഭരിച്ചിരുന്നപ്പോൾ തന്റെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസാണ് തടസ്സം നിന്നത്. അക്കാലത്ത് കോൺഗ്രസാണ് കേന്ദ്രം ഭരിച്ചിരുന്നതെന്നും അവർ ഓർമ്മിപ്പിച്ചു.