തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും വളർത്തി മനുഷ്യർ ഭിന്നിക്കുന്നതിന് പകരം ഒരുമിച്ചിരിക്കാനും ഒന്നിപ്പിക്കാനും റംസാൻ പ്രേരകമാകണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി പറഞ്ഞു. ' റംസാൻ- ഒരുമയുടെ സന്ദേശം ' എന്ന വിഷയത്തിൽ ഖുറാൻ അക്കാഡമി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മ സംയമനത്തിന്റെയും ക്ഷമയുടെയും പാതയിലൂടെയാണ് ഒരു നോമ്പുകാരൻ സഞ്ചരിക്കേണ്ടത്. അപരനെ സ്നേഹിക്കാനും ദാനധർമ്മം നൽകി സഹായിക്കാനും കഴിയണം. അസൂയ, പക തുടങ്ങിയ മാലിന്യങ്ങളെ തുടച്ചുനീക്കി മനുഷ്യമനസുകളിൽ നന്മ നിറയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അക്കാഡമി പ്രസിഡന്റ് എം. ഖുത്തുബ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, മുൻ സംസ്ഥാന അറബിക്ക് സ്പെഷ്യൽ ഓഫീസർ എം. ഇമാമുദ്ദീൻ, വിഴിഞ്ഞം പോർട്ട് മുൻ മാനേജിംഗ് ഡയറക്ടർ സിജാവുദ്ദീൻ, എം.എസ്.എം അറബിക് കോളേജ് ഡയറക്ടർ എസ്. നിഹാസ്, ജാഫർ കുട്ടി, അബ്ദുൾ സമദ്, ഐഷ ബീവി, കഷ്ഫുദ്ദീൻ എന്നിവർ പങ്കെടുത്തു.