
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി കഴിഞ്ഞ സാമ്പത്തികവർഷം കുറിച്ചത് മുൻവർഷത്തേക്കാൾ മൂന്നിരട്ടി റീട്ടെയിൽ വില്പനനേട്ടം. 2020-21ലെ 1.34 ലക്ഷം യൂണിറ്റുകളിൽ നിന്ന് 4.29 ലക്ഷം യൂണിറ്റുകളിലേക്കാണ് 2021-22ൽ വില്പന ഉയർന്നതെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.
2019-20ൽ റീട്ടെയിൽ വില്പന 1.68 ലക്ഷമായിരുന്നു. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ (കാർ, എസ്.യു.വി) വില്പന 4,984 യൂണിറ്റുകളിൽ നിന്ന് 17,802 യൂണിറ്റുകളിലേക്ക് ഉയർന്നു. ഇതിൽ 15,198 യൂണിറ്റുകളുടെ വില്പനയും 85.37 ശതമാനം വിപണിവിഹിതവുമായി ടാറാ മോട്ടോഴ്സ് ബഹുദൂരം മുന്നിലെത്തി. 11.49 ശതമാനം വിപണിവിഹിതവുമായി 2,045 യൂണിറ്റുകൾ വിറ്റഴിച്ച് എം.ജി മോട്ടോറാണ് രണ്ടാമത്.
2020-21ൽ ടാറ്റ 3,523 യൂണിറ്റുകളും എം.ജി 1,115 യൂണിറ്റുകളുമാണ് വിറ്റഴിച്ചിരുന്നത്. കഴിഞ്ഞവർഷം മഹീന്ദ്രയുടെ വില്പന 94ൽ നിന്ന് 156 യൂണിറ്റുകളിലേക്ക് മെച്ചപ്പെട്ടു. ഹ്യുണ്ടായിയുടെ വില്പന 184ൽ നിന്ന് 128ലെത്തി. യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഇവയ്ക്ക് വിപണിവിഹിതം ഒരു ശതമാനത്തിന് താഴെയാണ്.
ഹീറോയാണ് ഹീറോ
ഇലക്ട്രിക് ടൂവീലർ റീട്ടെയിൽ വില്പന കഴിഞ്ഞവർഷം 41,046 യൂണിറ്റുകളിൽ നിന്ന് അഞ്ചുമടങ്ങോളം മുന്നേറി 2.31 ലക്ഷം യൂണിറ്റുകളിലെത്തി. 28.23 ശതമാനം വിപണിവിഹിതവുമായി 65,303 യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ ഇലക്ട്രിക് ഒന്നാമതെത്തി.
46,447 യൂണിറ്റുകളുമായി ഒകിനാവ ഓട്ടോടെക്കും 24,648 യൂണിറ്റുകളുമായി ആംപിയർ വെഹിക്കിൾസും 19,971 യൂണിറ്റുകളുമായി ഏഥർ എനർജിയും രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ യഥാക്രമം നേടി.
ഇലക്ട്രിക് 3-വീലർ വില്പന 88,391 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞവർഷം 1.77 ലക്ഷത്തിലെത്തി.
2,203 പുതിയ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളും കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തി; 2020-21ൽ വില്പന 400 യൂണിറ്റുകളായിരുന്നു.