
തിരുവനന്തപുരം: ഓശാനനാളിലെ കുരുത്തോല പ്രദക്ഷിണത്തോടുകൂടി കുരിശുമലയിൽ വിശുദ്ധവാര തീർത്ഥാടനത്തിന് തുടക്കം. കൂതാളി ക്രിസ്തുരാജപാദപീഠത്തിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തിന് കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാർക്കോസ് നേതൃത്വം നൽകി. ഇതോടെ കുരിശുമലയിൽ രണ്ടാംഘട്ട തീർത്ഥാടനത്തിന് തുടക്കമായി. നാല്പത് ദിനരാത്രങ്ങൾ നീളുന്ന കഠിനമായ തപസിന്റെയും പ്രായശ്ചിത്ത പ്രവൃത്തികളുടെയും പൂർത്തീകരണമായാണ് വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്നത്. പെസഹാ വ്യാഴാഴ്ച വൈകിട്ട് 7ന് കുരിശുമല അസിസ്റ്റന്റ് ഡയറക്ടർ ഫാ.അരുൺ കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും പക്ഷാളനകർമ്മവും നടക്കും.ദുഃഖവെള്ളിയാഴ്ച രാവിലെ 6 മുതൽ ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാന ശുശ്രൂഷയും നടക്കും.ബ്രദർ കുര്യൻ മാളിയേക്കൽ, സന്തോഷ് പരശുവയ്ക്കൽ എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് 2 ന് കുരിശുമല വി.പത്താം പീയൂസ് ദേവാലയം മുതൽ കുരിശുമല സംഗമവേദിവരെ പരിഹാര സ്ലീവാപാതയും തുടർന്ന് കർത്താവിന്റെ പീഡാസഹനാനുസ്മരണവും നടക്കും. കുരിശുമല ഡയറക്ടർ മോൺ ഡോ.വിൻസെന്റ്.കെ.പീറ്റർ, ഫാ.രതീഷ് മാർക്കോസ് എന്നിവർ നേതൃത്വം നൽകും.
ശനിയാഴ്ച വൈകിട്ട് 6ന് ഉത്ഥാന മഹോത്സവവും പെസഹാജാഗരവും അനുഷ്ഠിക്കുന്നതോടുകൂടി രണ്ടാംഘട്ട തീർത്ഥാടനം സമാപിക്കും.