
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അമിതാബ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺഗ്രസിന്റെ പ്രതിഷേധം. പണ്ട് കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഇന്ധന വില വർദ്ധനവിനെതിരെ നിരന്തരം രംഗത്ത് വന്നിരുന്ന ഇരുവരും മൗനത്തിലാണെന്ന് ആരോപിച്ചാണ് കോലം കത്തിച്ചത്.
ബിജെപി ഭരിക്കുമ്പോൾ ഇന്ധന വില കുത്തനെ കൂടുന്നതിനെക്കുറിച്ച് ഇവർ ഒരക്ഷരം മിണ്ടുന്നില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. 2012 ൽ ഈ നടൻമാർ ഇന്ധന വില വർദ്ധനവിനെതിരെയും വിലക്കയറ്റത്തിനുമെതിരെയും ട്വീറ്റ് ചെയ്യുമായിരുന്നുവെന്ന് കോലം കത്തിക്കലിന് നേതൃത്വം നൽകിയ കോൺഗ്രസ് എം എൽ എ പി.സി ശർമ പറഞ്ഞു.
വാഹനം വാങ്ങാനാകും പക്ഷെ പെട്രോളും ഡീസലും വാങ്ങാനായി ലോൺ വേണ്ടി വരും എന്നായിരുന്നു ഈ നടന്മാർ പറഞ്ഞത്. അന്ന് എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില 60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലാണ്.
പെട്രോൾ-ഡീസൽ വിലയ്ക്ക് 100-120 രൂപയിലെത്തി. ഈ അവസരത്തിലും അമിതാബ് ബച്ചനും അക്ഷയ് കുമാറും ഒന്നും മിണ്ടുന്നില്ലെന്ന് എം എൽ എ ആരോപിച്ചു. ഇവർക്ക് സാധാരണക്കാരന്റെ കാര്യത്തിൽ ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.